പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

പ്രിയാ വർഗീസിന്‍റെ അഭിഭാഷകൻ കെ. പരമേശ്വരന്‍റെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് 22ലേക്കു മാറ്റി.
Two lawyers appeared for Kannur University in the Priya Varghese case; dramatic scenes unfolded in court
പ്രിയ വർഗീസ്
Updated on

ന്യൂഡൽഹി: അസോസിയറ്റ് പ്രഫസറായി പ്രിയ വർഗീസിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിൽ കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി രണ്ട് അഭിഭാഷകർ ഹാജരായത് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കി. പുതിയ അഭിഭാഷകൻ പി.എസ്. സുൽഫീക്കറും മുൻ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനുമാണു സർവകലാശാലയ്ക്കുവേണ്ടി ഹാജരായത്. എന്നാൽ, പ്രിയാ വർഗീസിന്‍റെ അഭിഭാഷകൻ കെ. പരമേശ്വരന്‍റെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് 22ലേക്കു മാറ്റി.

സർവകലാശാലയ്ക്കു വേണ്ടി ഹാജരായിരുന്ന സുഭാഷ് ചന്ദ്രൻ, പ്രിയ വർഗീസിന്‍റെ ഭർത്താവ് കെ.കെ. രാഗേഷിന്‍റെ സുഹൃത്തും വിദ്യാർഥി സംഘടനാകാലത്തെ സഹപ്രവർത്തകനുമാണ്. ഇദ്ദേഹത്തെ മാറ്റിയാണ് സർവകലാശാല കഴിഞ്ഞ ദിവസം സുൾഫിക്കറിനെ നിയോഗിച്ചത്.

കേസിലെ സത്യവാങ്മൂലവും എതിർ സത്യവാങ്മൂലവും ഉൾപ്പെടെയുള്ള മുഴുവൻ പ്ലീഡിങ്സും താൻ ഫയൽചെയ്തു കഴിഞ്ഞതാണെന്ന് സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. എന്നാൽ, താനാണ് പുതിയ അഭിഭാഷകനെന്നും കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും സുൾഫിക്കർ ആവശ്യപ്പെട്ടു. ഇതിനിടെ താൻ മറ്റൊരു കോടതിയിൽ മറ്റൊരു കേസ് വാദിക്കുകയാണെന്നും അതിനാൽ ഇന്ന് കേസ് വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്നും പ്രിയാ വർഗീസിന്‍റെ അഭിഭാഷകൻ അഭ്യർഥിച്ചു. ഇതു കോടതി അംഗീകരിച്ചു. കേസ് പരിഗണിച്ച സമയത്ത് യുജിസിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജും കോടതിയിൽ ഹാജരായിരുന്നു. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് വിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് പത്താമത്തെ കേസായാണ് ഇത് പരിഗണിച്ചത്.

പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച കേരള ഹൈക്കോടതി വിധി തങ്ങളുടെ ചട്ടങ്ങൾക്കെതിരാണെന്ന യുജിസി നിലപാടിനെ പിന്തുണയ്ക്കാനാണു കണ്ണൂർ സർവകലാശാലയുടെ പുതിയ തീരുമാനം. അഭിഭാഷകനെ മാറ്റിയതും ഇതിന്‍റെ ഭാഗമാണ്. നേരത്തേ, പ്രിയയ്ക്ക് അനുകൂലമായിരുന്ന സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ യുജിസിയുടെ നിലപാടിനൊപ്പം ചേരാനാണു തീരുമാനം. ഇതോടെ, അപ്പീലിൽ എതിർകക്ഷി പ്രിയ വർഗീസ് മാത്രമാകും.

logo
Metro Vaartha
www.metrovaartha.com