യു കലാനാഥൻ അന്തരിച്ചു

1960 മുതൽ സി.പി.ഐ., സി.പി.എം. പ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിച്ചു
യു കലാനാഥൻ അന്തരിച്ചു
Updated on

വള്ളിക്കുന്ന്: യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതാവ് യു. കലാനാഥൻ അന്തരിച്ചു. 84 വയസായിരുന്നു. ബുധനാഴ്‌ച രാത്രി 11.10നാണ് മരണം. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസി‍ഡന്റും കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു കലാനാഥൻ. മരണാനന്തരം കണ്ണും ശരീരവും കോഴിക്കോട് മെഡിക്കൽ കോളജിനു ദാനം ചെയ്യാൻ എഴുതി വച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജിനു കൈമാറും

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളിലെ പ്രമുഖ പ്രവർത്തകനായിരുന്നു യു കലാനാഥൻ. ചാലിയം യു.എച്ച്.എച്ച്.എസിൽ അദ്യാപകനായിരുന്ന അദ്ദേഹം കേരള യുക്തിവാദിസംഘത്തിന്റെ സംസ്ഥാന രക്ഷാധികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു. 1940 ജൂലൈ 22 ന് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു. കോച്ചിഅമ്മയുടെയും മകനായി ജനനം. കോഴിക്കോട് ഗൺപത് സ്കൂളിൽ വിദ്ധ്യാഭ്യാസം. ഫറൂക്ക് കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം. 1960 മുതൽ സി.പി.ഐ., സി.പി.എം. പ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിച്ചു.

ഇന്ത്യയിലെ യുക്തിവാദ സംഘടനകളുടെ ഫെഡറേഷനായ FIRA (Federation of Indian Rationalist Associations) യുടെ പ്രസിഡന്റായും, സെക്രട്ടറിയായും പ്രവർത്തിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ കലാനാഥൻ ഉജ്ജ്വല വാഗ്മിയാണ്. 1970 മുതൽ 1984 വരെ സി.പി.എം. വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. 1979 മുതൽ 84 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ​ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാർഡ് പഞ്ചായത്തിന് നേടികൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. 2000 മുതൽ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു.

ഏറ്റവും നല്ല ഊർജ്ജ സംരക്ഷണ പ്രൊജക്ടിനുള്ള അവാർഡ്, ഏറ്റവും മികച്ച ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഭാരത് സേവക് അവാർഡ്, സമ​ഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, യുക്തി വിചാരം പുരസ്കാരം, വിടി മെമ്മോറിയൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടി.

ആത്മാവ് സങ്കൽപ്പമോ യാഥാർഥ്യമോ, ജോത്സ്യം ശാസ്ത്രമോ ശാസ്ത്ര ആഭാസമോ, മതം സാമൂഹിക പുരോഗതിയുടെ ശത്രു, ഇസ്ലാമതവും യുക്തിവാദവും, ജീവപരിണാമം, മതനിരപേക്ഷതയും ഏകസിവിൽകോഡും എന്നിവ പ്രധാനകൃതികൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com