യു. പ്രതിഭയുടെ മകൻ ഉൾപ്പെട്ട കേസിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് റിപ്പോർട്ട്

എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ സിപിഎം നേതാവു കൂടിയായ പ്രതിഭ നൽകിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്
U Prathibha MLA's son case

യു. പ്രതിഭയുടെ മകൻ ഉൾപ്പെട്ട കേസിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് റിപ്പോർട്ട്

Updated on

ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചെവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ സിപിഎം നേതാവു കൂടിയായ പ്രതിഭ നൽകിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്.

പ്രതിഭയുടെ മകനടക്കം 7 പേർക്കെതിരേ കേസ് നിലനിൽക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ടു പേർക്കെതിരേ മാത്രമേ കേസ് നിലനിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. കനിവ് വലിക്കുന്നത് ഉദ്യോഗസ്ഥരും കണ്ടിട്ടില്ല. ശ്വാസത്തിൽ നിന്ന് കഞ്ചാവിന്‍റെ ഗന്ധം വന്നുവെന്ന് മാത്രമാണ് പറയുന്നത്. 7 പേർക്കെതിരേ കേസെടുക്കാൻ ഇത് മതിയാവില്ലെന്നും റിപ്പോർട്ടിലുണ്ട്.

തീപ്പെട്ടിയോ കഞ്ചാവ് വലിച്ചതിന്‍റെ അവശിഷ്ടമോ കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാംപിളുകൾ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന് പരിശോധിക്കേണ്ടിയിരുന്നു. ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന ശുപാർശ റിപ്പോർട്ടിൽ ഇല്ല. റിപ്പോർട്ട്‌ പരിഗണിച്ച് തുടർ നടപടി എടുക്കേണ്ടത് എക്സൈസ് കമ്മീഷണറാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്റ്റർ അനിൽകുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു.

ഡിസംബർ 28നായിരുന്നു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടുന്നത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നും അടക്കമുള്ള ആരോപണങ്ങളാണ് പ്രതിഭ നൽകിയ പരാതിയിലുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com