
കോഴിക്കോട് : ട്രെയ്ൻ തീവെപ്പ് കേസ് പ്രതിക്കെതിരെ യുഎപിഎ ചുമത്താന്‍ ആലോചന. കോടതിയിൽ ഹാജരാക്കും മുമ്പ് ഈ കാര്യത്തിന് തീരുമാനമുണ്ടാകും. സെക്ഷന്‍ 15, 16 എന്നിവയാവും ചുമത്തുക. അതിനിടെ ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്.
സെയ്ഫിയുമായി വന്ന വാഹനം കണ്ണൂർ കാടാച്ചറയിൽ വച്ചു പഞ്ചറായിരുന്നു. ഒരു മണിക്കൂറോളം റോഡിൽ കിടന്നതിനു ശേഷം സ്വകാര്യ വാഹനത്തിലാണു കോഴിക്കോടെത്തിച്ചത്. മാലൂർക്കുന്നിലെ പൊലീസ് ക്യാംപിലേക്കാണു പ്രതിയെ എത്തിച്ചിരിക്കുന്നത്. മെഡിക്കൽ പരിശോധനകൾക്കു ശേഷം ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
ഡൽഹി സ്വദേശിയായ സെയ്ഫിയെ മഹാരാഷ്ട്ര എടിഎസാണ് ബുധനാഴ്ച പുലർച്ചെ രത്നഗിരിയിൽ വച്ചു പിടികൂടിയത്. എലത്തൂർ ട്രെയിൻ തീവയ്പിന് പിന്നാലെ തന്നെ ഷാരൂഖ് സെയ്ഫി കേരളം വിട്ടതായി മഹാരാഷ്ട്ര എടിഎസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും എടിഎസ് അറിയിച്ചു.