

മന്ത്രി കെ.എ. തുളസി
തിരുവനന്തപുരം: പട്ടികവർഗ വിഭാഗം ജനങ്ങൾ താമസിക്കുന്ന മേഖലകളെ "ഊരു'കൾ എന്നാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ സർക്കാർ ഉന്നതി എന്നാക്കിയ തീരുമാനമാണു യുഡിഎഫ് സർക്കാർ തിരുത്തിയത്. ഇതുസംബന്ധിച്ച് മുൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥ ഭേദഗതി ചെയ്താണ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.
ആദിവാസികൾ അധിവസിക്കുന്ന മേഖലകളെ "കോളനി', "സങ്കേതം', "ഊര് ' എന്ന് വിളിക്കുന്നതിന് പകരം "നഗർ', "ഉന്നതി', "പ്രകൃതി' എന്നീ പേരുകളോ പ്രാദേശിക താല്പര്യപ്രകാരമുള്ള പേരുകളോ നൽകണമെന്ന് 2024 ജൂൺ 18-ലെ ഉത്തരവ് പ്രകാരം നിർദ്ദേശിച്ചിരുന്നു. എന്നാൽ, പട്ടിക വർഗക്കാരുടെ സാംസ്കാരിക പൈതൃകത്തിന്‍റെയും പരമ്പരാഗത ആചാരങ്ങളുടെയും ഭാഗമാണ് "ഊര് ', "സങ്കേതം', "കുടി', "ഊരുമൂപ്പന്മാർ', "ഊരുകൂട്ടം' എന്നീ പദപ്രയോഗങ്ങൾ. കൂടാതെ വനാവകാശ നിയമത്തിലും ആസൂത്രണ പ്രക്രിയകളിലും "ഊര് ', "ഊരുകൂട്ടം' എന്നീ പദങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ പദങ്ങൾ ഒഴിവാക്കുന്നത് തങ്ങളുടെ സംസ്കാരത്തെയും പൈതൃകത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ പട്ടികവർഗ സംഘടനകളും , വ്യക്തികളും യുഡിഎഫ് സർക്കാരിന് പരാതികൾ സമർപ്പിച്ചിരുന്നു.
ഈ പരാതികളും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ശുപാർശയും സർക്കാർ വിശദമായി പരിശോധിച്ചു. ഗോത്രവർഗക്കാരുടെ പൈതൃകവും വനാവകാശ നിയമത്തിലെ പ്രാധാന്യവും മുൻനിർത്തി, പട്ടികവർഗക്കാരുടെ ആവാസകേന്ദ്രങ്ങൾക്ക് "ഊര്", "സങ്കേതം" എന്നീ പേരുകൾക്ക് പകരം മറ്റു പേരുകൾ തെരഞ്ഞെടുക്കണം എന്ന പഴയ ഉത്തരവിലെ വ്യവസ്ഥ തുടർന്ന് സർക്കാർ റദ്ദാക്കുയായിരുന്നു. ഇതോടെ, പട്ടികവർഗ ജനവിഭാഗങ്ങളുടെ ആവാസകേന്ദ്രങ്ങളെ "ഊര് ", "സങ്കേതം" എന്നീ പദങ്ങൾ ഉപയോഗിച്ച് തുടർന്നും വിശേഷിപ്പിക്കാവുന്നതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
'ഉന്നതി' എന്ന് പേരു മാറ്റിയെന്നല്ലാതെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞ സർക്കാരിനു സാധിച്ചില്ലെന്നു പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു. ഊര് എന്ന പേരു മാറ്റിയതിനെതിരേ വിവിധ ഗോത്രവിഭാഗക്കാർ സർക്കാരിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പുതിയ തീരുമാനമെന്നും മന്ത്രി.