സീറ്റ് തർക്കം; യുഡിഎഫ് യോഗം തിങ്കളാഴ്ച ചേരും

അടുക്കാതെ മുസ്‌ലിം ലീഗും കേരള കോൺഗ്രസും, ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ഐഎൻടിയുസി വിഭാഗം.
UDF നേതാക്കൾ വേദിയിൽ.
UDF നേതാക്കൾ വേദിയിൽ.File photo

പി.ബി. ബിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌‌സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടിയ യുഡിഎഫിന് ഇക്കുറി സീറ്റ് തർക്കം കീറാമുട്ടിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഉഭയകക്ഷി ചർച്ചകളിൽ കോട്ടയം സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മൂന്നാം സീറ്റെന്ന ആവശ്യം കടുപ്പിച്ച് മുസ്‌ലിം ലീഗും രംഗത്തെത്തിയപ്പോൾ, ഇത്തവണ പരിഗണിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് കോൺഗ്രസിന്‍റെ തൊഴിലാളി സംഘടനായായ ഐഎൻടിയുസി.

ഘടക കക്ഷികളിലും കോൺഗ്രസിലുമടക്കം തർക്കം മുറുകിയതോടെ നാളെ യുഡിഎഫ് ഏകോപന സമിതിയുടെ യോഗം തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ രാവിലെ 11.30ന് അദ്ദേഹത്തിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ ഉഭയകക്ഷി ചർച്ചാ തീരുമാനങ്ങൾ അറിയിക്കും. നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം.

കഴിഞ്ഞ തവണ ലഭിക്കാതെ പോയ ആലപ്പുഴ സീറ്റിൽ എഐസിസി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ സാമുദായിക ഘടകങ്ങൾ കൂടി പരിഗണിച്ച് നടൻ സിദ്ധിഖിനെ ഇറക്കാൻ ആലോചനയുണ്ട്. പത്തനംതിട്ടയിലെ സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലിനെ തുടർന്ന് ആന്‍റോ ആന്‍റണിയെ അനുകൂലിക്കുന്നവർ കോട്ടയം സീറ്റിലേക്കും കണ്ണു വയ്ക്കുന്നു. പത്തനംതിട്ട കേരള കോൺഗ്രസിന് നൽകി വച്ചുമാറാനാണ് ശ്രമം. എന്നാൽ, കോട്ടയത്തു മത്സരിക്കാൻ തയാറായി നിൽക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇത് അംഗീകരിച്ചിട്ടില്ല.

കേരള കോൺഗ്രസ് (എം) മത്സരിച്ചിരുന്ന കോട്ടയം സീറ്റ് ജേക്കബ് വിഭാഗത്തിന് നൽകാൻ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് താത്പര്യമുണ്ടെങ്കിലും എ ഗ്രൂപ്പ് ഇടഞ്ഞു നിൽക്കുകയാണ്. അതൃപ്തിയുള്ള നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍റെ പേരും നിർദേശിച്ചിട്ടുണ്ട്.

നിലവിലുള്ള മലപ്പുറത്തിനും പൊന്നാനിക്കും പുറമേ, മറ്റൊരു സീറ്റു കൂടി വേണമെന്നാണ് മുസ്‌ലിം ലീഗിന്‍റെ ആവശ്യം. രാഹുൽ ഗാന്ധി മത്സരിക്കാനില്ലെങ്കിൽ വയനാട്. അല്ലെങ്കിൽ വടകര, കാസർഗോഡ്, കണ്ണൂർ എന്നിവയിലൊന്ന്. ഇതാണു ലീഗ് നോട്ടമിടുന്നത്. എപ്പോഴും പറയുന്നതു പോലെയല്ല ഇത്തവണ ആവശ്യപ്പെടുന്നതെന്നും നിർബന്ധമായും കിട്ടിയേ പറ്റൂ എന്നുമാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

ലീഗ് ഇടത്തേക്ക് ചായാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ മൂന്നാം സീറ്റ് ആവശ്യത്തിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ അടക്കമുള്ളവർ സംയമനത്തോടെയാണ് പ്രതികരിച്ചത്. സുധാകരൻ വിജയിച്ച കണ്ണൂർ ഒഴികെയുള്ള മണ്ഡലങ്ങളിൽ നിലവിലെ എംപിമാർ തന്നെ മത്സരിക്കട്ടെ എന്ന നിർദേശമാണ് ഹൈക്കമാൻഡിൽ നിന്നും എത്തിയിരിക്കുന്നത്. എങ്കിലും, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനു പകരം കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രന്‍റെ പേരും ചർച്ച ചെയ്യുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com