യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി

കോടികൾ മുടക്കി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞർക്ക് പോലും കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരേ ഭരണവിരുദ്ധ വികാരമില്ലെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു
UDF PR front, V Sivankutty

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വം യാഥാർഥ്യങ്ങളിൽ നിന്ന് എത്രത്തോളം അകലെയാണ് എന്നതിന്‍റെ തെളിവാണ് കെപിസിസി ക്യാംപിൽ നിന്നു പുറത്തുവരുന്ന വാർത്തകളെന്ന് മന്ത്രി വി. ശിവൻകുട്ടി. യുഡിഎഫ് എന്നത് രാഷ്ട്രീയ മുന്നണി എന്നതിൽ നിന്നും മാറി വെറുമൊരു 'പിആർ മുന്നണി' ആയി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കോടികൾ മുടക്കി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞർക്ക് പോലും കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരേ ഭരണവിരുദ്ധ വികാരമില്ലെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. എന്നാൽ, അത് അംഗീകരിക്കാൻ മടിയുള്ള കോൺഗ്രസ് നേതാക്കൾ സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ ഏജൻസിയുടെ റിപ്പോർട്ട് തിരുത്തിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് അവരുടെ ഏജൻസി തന്നെ പറയുമ്പോൾ, അത് എൽഡിഎഫ് സർക്കാരിന്‍റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പരോക്ഷമായ അംഗീകാരമാണ്.

പണം കൊടുത്തു വാങ്ങിയ ഉപദേശകർക്ക് പോലും എൽഡിഎഫ് സർക്കാരിന്‍റെ ജനകീയ അടിത്തറയും മികവും ബോധ്യപ്പെട്ടിരിക്കുന്നു. പക്ഷേ, പ്രതിപക്ഷ നേതാക്കൾക്ക് മാത്രം അത് മനസിലാകുന്നില്ല. ജനങ്ങളിലല്ല, മറിച്ച് പിആർ ഏജൻസികളിലാണ് യുഡിഎഫ് വിശ്വസിക്കുന്നത്.

സത്യസന്ധമായ റിപ്പോർട്ടുകളെ ഭയക്കുന്നവർക്ക് എങ്ങനെയാണ് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയുക? ഭരണവിരുദ്ധ വികാരമുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച് അണികളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും മന്ത്രി.

പിആർ ഏജൻസികളെ ഉപയോഗിച്ച് കൃത്രിമമായ തരംഗം സൃഷ്ടിക്കാമെന്നത് കോൺഗ്രസിന്‍റെ വ്യാമോഹമാണ്. എൽഡിഎഫ് ജനങ്ങൾക്കിടയിലാണ് പ്രവർത്തിക്കുന്നത്. സ്വന്തം പാളയത്തിലെ പാളിച്ചകൾ തിരിച്ചറിയാൻ കഴിയാത്തവർക്ക് നാടിനെ നയിക്കാനാവില്ലെന്ന് കോൺഗ്രസ് ക്യാമ്പിലെ സംഭവങ്ങൾ വ്യക്തമാക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com