എം.പി. ജോസഫ്, ഫ്രാൻസിസ് ജോർജ്, പി.സി. തോമസ്.
എം.പി. ജോസഫ്, ഫ്രാൻസിസ് ജോർജ്, പി.സി. തോമസ്.

കോട്ടയം സീറ്റിൽ തർക്കം തീർക്കാനാവാതെ യുഡിഎഫ്

സീറ്റ് കേരള കോൺഗ്രസിനു കൊടുക്കരുതെന്ന് കോൺഗ്രസിൽ തന്നെ ആവശ്യമുയരുന്നു. കിട്ടിയാലും ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ കേരള കോൺഗ്രസിലും തർക്കം തുടരുന്നു.

പ്രത്യേക ലേഖകൻ

കോട്ടയം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസിനു വിട്ടു നിൽകരുതെന്ന നിലപാടിൽ തുടരുകയാണ് കോൺഗ്രസ്. അതേസമയം, സീറ്റ് കിട്ടിയാൽ ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ ധാരണയിലെത്താൻ കേരള കോൺഗ്രസിനും ഇതുവരെ സാധിച്ചിട്ടില്ല.

മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫ് എന്നിവരാണ് സീറ്റിനായി പാര്‍ട്ടിയില്‍ പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞ് സമ്മര്‍ദം ചെലുത്തുന്നത്. എന്നാൽ, ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനുകൂടി സ്വീകാര്യമാകുന്ന പേര് നിര്‍ദേശിക്കാനാണ് യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സജി മഞ്ഞക്കടമ്പിൽ
സജി മഞ്ഞക്കടമ്പിൽ

ഇതിനിടെയാണ്, പാര്‍ട്ടിയില്‍ സീനിയോറിറ്റി കൂടുതൽ തനിക്കാണെന്ന വാദവുമായി യുഡിഎഫ് ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമായ സജി മഞ്ഞക്കടമ്പനും രംഗത്തെത്തിയിരിക്കുന്നത്. സജിയെ എതിര്‍ത്ത് ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി യൂത്ത് ഫ്രണ്ട് നേതാവ് മജീഷ് കൊച്ചുമലയും പരസ്യ പ്രതികരണത്തിനു മുതിർന്നു. ഇതോടെ മജീഷിനെ യൂത്ത് ഫ്രണ്ടില്‍നിന്ന് പുറത്താക്കിയതാണെന്ന വാദവുമായി സജി മഞ്ഞക്കടമ്പനെ പിന്തുണച്ച് സംസ്ഥാന പ്രസിഡന്‍റ് അജിത് മുതിരമലയും, തന്നെ പുറത്താക്കിയിട്ടില്ലെന്നും ഉണ്ടെങ്കില്‍ തെളിവ് കാണിക്കണമെന്ന് തിരിച്ചടിച്ച് മജീഷ് കൊച്ചുമലയും വാക് പോര് തുടരുന്നു.

സജി മഞ്ഞക്കടമ്പന്‍ ബ്ലാക്ക്മെയില്‍ രാഷ്‌ട്രീയത്തിന്‍റെ ആളാണെന്നും, യോഗ്യതയുണ്ടെന്നു സജി പറയുന്നതല്ലാതെ സജിയുടെ പേര് പറയാന്‍ പാര്‍ട്ടിയില്‍ മറ്റാരുമില്ലെന്നും മജീഷ് മാധ്യമങ്ങളോടു തുറന്നടിച്ചു.

വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്

കേരള കോൺഗ്രസിനു കോട്ടയം സീറ്റ് നൽകാൻ ശ്രമിക്കുന്നത് മുന്നണി മര്യാദയുടെ പേരിൽ മാത്രമാണെന്നും, എന്നുവച്ച് ആരെ വേണമെങ്കിലും സ്ഥാനാർഥിയാക്കാമെന്ന് അതിനർഥമില്ലെന്നുമുള്ള നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ജയസാധ്യതയുള്ള സ്ഥാനാർഥി തന്നെ വേണമെന്ന ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളത്.

എന്നാല്‍, ഇങ്ങനെ ഒരാളിലേക്ക് ചർച്ച കേന്ദ്രീകരിക്കാൻ കേരള കോൺഗ്രസിന് ഇനിയും സാധിച്ചിട്ടില്ല. ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുന്നതിനോടാണ് പി.ജെ. ജോസഫിനു താത്പര്യം. അതിൽ കോണ്‍ഗ്രസ് നേതൃത്വത്തിനും എതിർപ്പില്ല. എന്നാല്‍, പാര്‍ട്ടിയിലെ രണ്ടാമനായ മോന്‍സ് ജോസഫ് പിന്തുണയ്ക്കുന്നത് കെ.എം. മാണിയുടെ മരുമകനായ എം.പി. ജോസഫിനെയാണ്.

മാണിയുടെ മരുമകനെ കോൺഗ്രസ് അംഗീകരിക്കുമോ?

എം.പി. ജോസഫിന്‍റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിലെന്നപോലെ കോണ്‍ഗ്രസിലും അഭിപ്രായ വ്യത്യാസമുണ്ട്. അധികാരത്തിനുവേണ്ടി ആരുടെ പിന്നാലെയും പോകാന്‍ മടിക്കാത്ത ആളാണ് അദ്ദേഹമെന്നും, അങ്ങനെയൊരാളെ പാർലമെന്‍റിലേക്കയച്ചാൽ ബിജെപിയുടെ കൂടെ കൂടാൻ സാധ്യതയുണ്ടെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ ആശങ്ക.

ഏകാംഗ പാര്‍ട്ടിയുടെ എംപിയായി ഡല്‍ഹിയിലെത്തിയാല്‍ കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ നേതാവെന്ന നിലയില്‍ ബിജെപിയില്‍ നിന്നു പ്രലോഭനങ്ങള്‍ ഉണ്ടാകാം. കെ.എം. മാണിയുടെ പാർട്ടിയെ ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്കു ചേക്കേറുകയും, അവിടെ സീറ്റ് കിട്ടാതെ വന്നപ്പോള്‍ പി.ജെ. ജോസഫിന്‍റെ പാര്‍ട്ടിയിലേക്ക് മാറുകയും ചെയ്ത ചരിത്രമാണ് എം.പി. ജോസഫിനുള്ളത്. അതിനാൽ തന്നെ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ വിശ്വാസത്തിലെടുക്കുന്നില്ല.

എം.പി. ജോസഫ് ഇടയ്ക്ക് ബിജെപിയുമായി അടുക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന ആരോപണവും ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. മണ്ഡലത്തില്‍ പരിചിതനല്ലെന്ന ആരോപണവും നിലനിൽക്കുന്നു.

ഹാട്രിക് പരാജയത്തിനു ശേഷവും ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുമോ?

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും ഫ്രാന്‍സിസ് ജോര്‍ജാണ് തമ്മില്‍ ഭേദപ്പെട്ട സ്ഥാനാർഥി എന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്. എന്നാൽ, അദ്ദേഹം കോട്ടയം സ്വദേശിയല്ല.

തോമസ് ഉണ്ണിയാടൻ
തോമസ് ഉണ്ണിയാടൻ

കോട്ടയംകാരന്‍ തന്നെ വേണമെന്നു വന്നാൽ മുന്‍ എംപി പി.സി. തോമസ്, തോമസ് ഉണ്ണിയാടന്‍ എന്നിവരെയും പരിഗണിച്ചേക്കും. എന്നാൽ, ഫ്രാന്‍സിസ് ജോര്‍ജിനോടുള്ളിടത്തോളം താത്പര്യം ഈ രണ്ടു പേരോടും കോൺഗ്രസിനില്ല. പി.ജെ. ജോസഫിന്‍റെ പിന്തുണ ഉറപ്പാക്കിയാൽ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കാനാണ് സാധ്യത. പക്ഷേ, പരസ്യമായല്ലെങ്കിലും പി.സി. തോമസും ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com