വൈകാതെ ക്ഷേമ പെൻഷൻ 3,000 രൂപയാക്കും, മാനദണ്ഡങ്ങൾ മാറ്റാൻ ആലോചന: മുഖ്യമന്ത്രി | Video
തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫിന്‍റെ വാഗദാനം വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷേമ പെൻഷന് അർഹരായവരിലേക്ക് എത്തുന്നതിനായി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.
ജൂൺ മാസത്തെ പെൻഷൻ 24 -ാം തീയതി മുതൽ വിതരണ ചെയ്യുമെന്നും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അറിയിച്ചു. എൽഡിഎഫ് വാഗ്ദാനം പോലെ 10 വർഷം സമയമെടുത്തായിരിക്കില്ല പെൻഷൻ തുക ഉയർത്തുക.
എൽഡിഎഫ് 2500 രൂപ വാഗ്ദാനെ ചെയ്തിട്ട് ആദ്യ 5 കൊല്ലം തീരാറായപ്പോൾ 1500 ഉള്ളതിനൊപ്പം 100 രൂപ കൂട്ടി, പിന്നീട് രണ്ടാം പിണറായി സർക്കാർ ഇറങ്ങാറായപ്പോഴത് 2000 ആയി ഉയർത്തി. യുഡിഎഫ് സർക്കാർ അങ്ങനെ ചെയ്യില്ലെന്നും സതീശൻ പറഞ്ഞു.
ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ പട്ടികയിൽ അനർഹരായവരുണ്ടെന്നും ഇത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോസ് ആഞ്ചൽസിൽ താമസിക്കുന്ന ഒരാൾ തനിക്ക് പെൻഷൻ കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇടപെട്ടു. മകൻ വിദേശത്തുള്ളതിന്‍റെ പേരിൽ അമ്മയ്ക്ക് പെൻഷൻ നിഷേധിക്കുന്നത് ശരിയാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്നാൽ, അർഹരായ ആർക്കും പെൻഷൻ നഷ്ടപ്പെടരുത് എന്ന് മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
കൂടാതെ, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കുമെന്നും, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ ലഭിക്കും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എസി വച്ചത് കൊണ്ട് പെൻഷൻ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതിയുണ്ട്. അത്തരത്തിൽ പെൻഷൻ മാനദണ്ഡങ്ങളിൽ പല പരാതികളും ഉയർന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
