

ഹാങിംഗ് വേലികൾ നശിപ്പിച്ചു
കോതമംഗലം : മലയാറ്റൂര്‍ വനം ഡിവിഷന് കീഴില്‍ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂര്‍ പഞ്ചായത്തുകളിലെ നിര്‍മാണം പൂര്‍ത്തിയായ ഹാങ്ങിങ് ഫെന്‍സിങ്ങുകള്‍ കാട്ടാനകള്‍ തകര്‍ക്കുന്നത് വ്യാപകം ആകുന്നു. കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് അതിര്‍ത്തിയായ വാവേലിയില്‍ വനം വകുപ്പ് സ്ഥാപിച്ച തൂക്ക് വേലി ഞായറാഴ്ചയും കാട്ടാന കൂട്ടം തകര്‍ത്തു. നിര്‍മാണം പൂര്‍ത്തിയാക്കിയ 4 കിലോമീറ്റര്‍ വേലിയുടെ നാലില്‍ ഒന്ന് ഇതിനോടകം തകര്‍ത്തു കഴിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.
നിര്‍മാണം പൂര്‍ത്തിയാക്കിയ വൈദ്യുത വേലികള്‍ ചാര്‍ജ്ജ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആരോപണം.
എന്നാല്‍ വിശാലമായ വൈദ്യുത വേലിക്ക് കേവലം ഒരു ചാര്‍ജ്ജിങ് സ്റ്റേഷന്‍ മാത്രം ഉള്ളതുകൊണ്ടാണ് കാട്ടാനകള്‍ക്ക് ഇവ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മലയാറ്റൂര്‍ ഡിവിഷനില്‍ കോടനാട് റെയ്ഞ്ചിന് കീഴില്‍ നബാര്‍ഡ് സ്‌കീമില്‍ 30 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിംഗ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി കരാര്‍ ഒപ്പിട്ടെങ്കിലും 4 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്.
നിര്‍മാണം പൂര്‍ത്തിയായവയാകട്ടെ ചാര്‍ജ്ജ് ചെയ്യാത്തത് മൂലം കാട്ടാനകള്‍ ദിവസേന നശിപ്പിക്കുന്നു. ഇതോടെ 30 കിലോമീറ്റര്‍ പണി പൂര്‍ത്തിയായി ഉദ്ഘാടനം ആകുമ്പോഴേക്കും കൂടുതല്‍ പണം മുടക്കി പുതിയ വൈദ്യുതി വേലി നിര്‍മിക്കേണ്ട സാഹചര്യം ആകും ഉണ്ടാകുക