''സഖാവായതിന്‍റെ പ്രിവിലേജോ, അതോ ക്ലിഫ് ഹൗസിന്‍റെ നിർദേശമോ...'', വിനായകന് ജാമ്യം നൽകിയതിനെതിരേ ഉമ തോമസ്

കുടുംബവഴക്കിനെ തുടർന്നായിരുന്നു വിനായകൻ പൊലീസിനെ വിളിപ്പിച്ചത്
''സഖാവായതിന്‍റെ പ്രിവിലേജോ, അതോ ക്ലിഫ് ഹൗസിന്‍റെ നിർദേശമോ...'', വിനായകന് ജാമ്യം നൽകിയതിനെതിരേ ഉമ തോമസ്
Updated on

കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടയച്ചതിനെതിരേ ഉമ തോമസ് എംഎൽഎ. സഖാവെന്ന പരിഗണനയിലാണോ അതോ മുകളിൽ നിന്നുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണോ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടതെന്ന് ഉമ തോമസ് ആരാഞ്ഞു.

''എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് 'സഖാവായതിന്‍റെ പ്രിവിലേജാണോ', അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്.. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ...'', അവർ പ്രസ്താവനയിൽ പറഞ്ഞു.

ഇന്നലെ വൈകിട്ട് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന ഫ്ലാറ്റിലേക്ക് വിനായകൻ പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ഇത്.

ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് തർക്കമാണെന്ന് മനസിലാക്കിയ പൊലീസ് ഇരുവിഭാഗവും കേട്ടശേഷം വിനായകനെ പറഞ്ഞ് മനസിലാക്കി മടങ്ങാൻ ഒരുങ്ങി. ഇതോടെ പൊലീസിനോട് വിനായകൻ കയർത്തു സംസാരിക്കുകയായിരുന്നു. ശേഷം രാത്രി ഏഴരയോടെ സ്റ്റേഷനിലെത്തിയ വിനായകൻ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com