
ഉമ തോമസ് എംഎൽഎ
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ ഉടനെ രാജി വയ്ക്കണമെന്ന് ഉമ തോമസ് എംഎൽഎ. ഒരു നിമിഷം മുൻപ് രാജി വച്ചാൽ അത്രയും നല്ലതെന്നും അത് ധാർമിക ഉത്തരവാദിത്വമാണെന്നും ഉമ തോമസ് പറഞ്ഞു.
സ്ത്രീകളെ കോൺഗ്രസ് എന്നും ചേർത്തുപിടിച്ചിട്ടുള്ളൂയെന്നും ശബ്ദരേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ശനിയാഴ്ച തന്നെ രാജി വയ്ക്കുമെന്നാണ് കരുതിയതെന്നും എന്നാൽ വാർത്താ സമ്മേളനം റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് ആദ‍്യം തന്നെ നല്ല നിലപാടാണ് സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനത്തു നിന്നും രാഹുലിനെ മാറ്റി. ജനങ്ങൾ തെരഞ്ഞെടുത്താണ് രാഹുൽ എംഎൽഎ സ്ഥാനത്തെത്തിയത്. എന്നാൽ ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹം മാനനഷ്ടക്കേസ് നൽകിയില്ല.
അതിനർഥം ആരോപണങ്ങൾ ശരിയാണെന്നല്ലെയെന്ന് ഉമ തോമസ് ചോദിച്ചു. ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ എംഎൽഎ സ്ഥാനം ഒഴിയുകയെന്നുള്ളത് ധാർമിക ഉത്തരവാദിത്വമാണെന്നും ഉമ തോമസ് പറഞ്ഞു.