
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേയ്ക്കു വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. സിടി സ്കാൻ, എംആർഐ സ്കാൻ അടക്കം പരിശോധനകൾക്ക് ശേഷമാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്. നിലവിൽ കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിൽ ഉമ തോമസ് അബോധാവസ്ഥയിൽ തുടരുകയാണ്.
വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, നട്ടെല്ലിനു പരുക്കേൽക്കുകയും തലച്ചോറിൽ മുറിവുണ്ടായതായും ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. തലക്കകത്ത് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും രക്തം കട്ടപിടിച്ചെന്നും സംശയമുണ്ട്.
അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തിൽ രക്തം കയറിയെന്നുമാണ് ഡോക്ടർമാർ പ്രതികരിച്ചത്. ബോധം, പ്രതികരണം, ഓർമ്മ എന്നിവയെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കളക്‌ടർ, മന്ത്രി സജി ചെറിയാന്‍, കോൺഗ്രസ് നേതാക്കൾ, പ്രവർത്തകർ അടക്കമുള്ളവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്.
വിഐപി ഗ്യാലറിയുടെ അറ്റത്തുള്ള ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താത്കാലികമായി കെട്ടിയ ബാരിക്കേഡുകളും മറികടന്ന് നിന്ന് താഴേക്ക് വീഴുകയായിരുന്നു. താത്കാലികമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ബലമുള്ളതായിരുന്നില്ല. 20 അടിയോളം താഴ്ചയിലേക്കാണ് വീണത്. കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീണ എംഎൽയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തലയിലെ പരുക്കിൽ നിന്ന് രക്തം വാർന്നുപോയിരുന്നു.