യുനെസ്കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിങ് റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രത്യേക പരാമര്‍ശം

കേരള സര്‍ക്കാരിന്‍റെ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ നയം റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.
Representative image
Representative image
Updated on

തിരുവനന്തപുരം: യുനെസ്കോ പ്രസിദ്ധീകരിച്ച 2023ലെ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിങ് റിപ്പോര്‍ട്ടില്‍ കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് 3 പ്രത്യേക പരാമര്‍ശങ്ങള്‍. "സഹവര്‍ത്തിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്ളടക്ക നിര്‍മിതിയുടെ ഗുണനിലവാരവും വൈവിധ്യവും വർധിപ്പിക്കും' എന്ന തലക്കെട്ടിനു കീഴിലാണ് കൈറ്റിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന "സ്കൂള്‍വിക്കി' പോര്‍ട്ടല്‍ അന്താരാഷ്‌ട്ര മാതൃകയായി പരാമര്‍ശിച്ചിട്ടുള്ളത്.

സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ വിക്കിമീഡിയാ പ്ലാറ്റ്ഫോമില്‍ തയാറാക്കിയ സ്കൂള്‍വിക്കിയില്‍ 15,000ത്തിലധികം സ്കൂളുകളെക്കുറിച്ചുള്ള ഉള്ളടക്കം പങ്കാളിത്ത രീതിയില്‍ വികസിപ്പിച്ചെടുത്തതാണ് ശ്രദ്ധേയമായ നേട്ടമായി യുനെസ്കോ റിപ്പോര്‍ട്ടിലുള്ളത്. സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമെ സംസ്ഥാന സ്കൂള്‍ കലോത്സവ രചനകള്‍, ചിത്രങ്ങള്‍, ഡിജിറ്റല്‍ മാഗസിനുകള്‍, കൊവിഡ്കാല രചനകള്‍ എന്നിങ്ങനെ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ വിവര സംഭരണിയാണ് സ്കൂള്‍വിക്കി (www.schoolwiki.in) പോര്‍ട്ടല്‍.

"സ്വതന്ത്ര സോഫ്‍റ്റ്‍വെയറില്‍ ചില രാജ്യങ്ങള്‍ ചാംപ്യന്മാരായിട്ടുണ്ട്' എന്ന ശിര്‍ഷകത്തിനു കീഴിലാണ് കേരളത്തിലെ സ്കൂളുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസം നടത്തുന്ന മാതൃക അവതരിപ്പിച്ചിട്ടുള്ളത്. കേരള സര്‍ക്കാരിന്‍റെ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ നയം എടുത്തു പറയുന്ന റിപ്പോര്‍ട്ട് കേരളത്തിലെ സ്കൂളുകളില്‍ 2 ലക്ഷം ലാപ്‍ടോപ്പുകള്‍ ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ആപ്ലിക്കേഷനുകള്‍ വിന്യസിച്ചിട്ടുള്ള കാര്യം രേഖപ്പെടുത്തുന്നുണ്ട്.

പാഠ്യപദ്ധതി പരിഷ്കാരത്തിന്‍റെ ഭാഗമായി ഏറ്റവും പുതിയ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ഐസിടി പാഠപുസ്തകങ്ങള്‍ തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com