അഡ്മിനിസ്ട്രേറ്റർക്കെതിരേ സിറോ മലബാർ സഭാ സംരക്ഷണ സമിതി

അഡ്മിനിസ്ട്രേറ്റർക്കെതിരേ സിറോ മലബാർ സഭാ സംരക്ഷണ സമിതി

വൈദികരുമായി ഉണ്ടാക്കിയ ധാരണയുടെ വിവരങ്ങൾ പുറത്തു വിടണമെന്ന് ആവശ്യം
Published on

കൊച്ചി: മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലും സിറോ മലബാർ സഭാ അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും ചേർന്ന് വൈദികരുമായി ഉണ്ടാക്കിയതായി പറയപ്പെടുന്ന ഒത്തുതീർപ്പു ധാരണയിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി എറണാകുളം- അങ്കമാലി അതിരൂപതാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

എല്ലാക്കാലത്തും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന പഴയ മുഖാമുഖ കുർബാന പക്ഷക്കാർ പ്രചരിപ്പിക്കുന്ന ഒത്തുതീർപ്പു ധാരണ വിശ്വസനീയമല്ല. സഭാ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന കുർബാനയ്ക്കായി വിട്ടുവീഴ്ച ചെയ്യാൻ പേപ്പൽ ഡെലഗേറ്റിനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കും കഴിയില്ല.

സിറോ മലബാർ സഭയുടെ 35ൽ 34 രൂപതകളിലും നടപ്പിലാക്കിയ ഏകീകൃത കുർബാന മാർപാപ്പ നിർദേശിച്ച പ്രകാരം ക്രിസ്മസ് മുതൽ എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏതു വിധേനയും നടപ്പിലാക്കുക മാത്രമാണ് രൂപതാ മേലധ്യക്ഷരുടെ ചുമതല. സഭാ അധികാരികളുടെ ഉത്തരവുകൾ തന്ത്രപൂർവം നടപ്പിലാക്കാതിരിക്കാനും അതിൽ വെള്ളം ചേർക്കാനും വിമത വൈദികരുമായി ചേർന്ന് അരമനയിലെ കൂരിയ ഒത്തുകളിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

അതിരൂപതയിലെ പ്രത്യേക സാഹചര്യം ചർച്ച ചെയ്യാൻ കൂടിയ വിവിധ വിശ്വാസികളുടെ സംയുക്ത യോഗത്തിൽ ചെയർമാൻ മത്തായി മുതിരേന്തി അധ്യക്ഷനായിരുന്നു. ജിമ്മി പുത്തിരിക്കൽ, വിത്സൻ വടക്കാഞ്ചേരി, ജോസ് മാളിയേക്കൽ, കുരിയാക്കോസ് പഴയമടം, ജോണി തോട്ടക്കര, ബേബി പൊട്ടനാനി, അലക്സാണ്ടർ തിരുവാങ്കുളം, ജോസ് പാറേക്കാട്ടിൽ, ജോൺസൻ കോനിക്കര എന്നിവർ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com