കുർബാനത്തർക്കം: സിനഡ് സർക്കുലർ തള്ളി വൈദികർ

ഏകീകൃത കുര്‍ബാന ആഹ്വാനം ചെയ്തുകൊണ്ടുള്ള സര്‍ക്കുലര്‍ വായിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഞായറാഴ്ചത്തെ തർക്കം
Symbolic image for a holy mass
Symbolic image for a holy massImage by Freepik

ജിബി സദാശിവൻ

കൊച്ചി: സിനഡ് സര്‍ക്കുലര്‍ വായിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവിധ പള്ളികളില്‍ വിശ്വാസികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഏകീകൃത കുര്‍ബാന ആഹ്വാനം ചെയ്തുകൊണ്ടുള്ള സര്‍ക്കുലര്‍ വായിക്കുന്നതുമായി ബന്ധപ്പെട്ടതാണ് തര്‍ക്കം ഉണ്ടായത്. കിഴക്കമ്പലം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വിമത വിഭാഗവും ഔദ്യോഗിക വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.

മലയാറ്റൂര്‍ പള്ളിയിലും സര്‍ക്കുലര്‍ വായിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടായി. സര്‍ക്കുലര്‍ വായിക്കണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക വിഭാഗവും വായിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിമത വിഭാഗവും രംഗത്തെത്തിയതോടെയാണ് പള്ളികളില്‍ തര്‍ക്കമുണ്ടായത്. കിഴക്കമ്പലത്തും മലയാറ്റൂരും പള്ളികളില്‍ പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. മഞ്ഞപ്ര മാര്‍സ്ലീവ ഫൊറോന പള്ളിയില്‍ സര്‍ക്കുലര്‍ വായിച്ചു.

പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനോടും കലാപം പ്രഖ്യാപിച്ച് തർക്കവും കയ്യാങ്കളിയും തുടരുന്നതോടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ തർക്കം കൂടുതൽ സങ്കീർണമായി. ജനാഭിമുഖ കുർബാന പാടില്ലെന്ന് നിർദേശിച്ച് സിറോ മലബാര്‍ സഭാ സിനഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ തള്ളി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പള്ളികളും നിലപാട് കടുപ്പിച്ചു. അതിരൂപതയുടെ കീഴിലുള്ള 328 പള്ളികളില്‍ 10 പള്ളികളില്‍ മാത്രമാണ് സിനഡ് സര്‍ക്കുലര്‍ വായിച്ചത്. കുര്‍ബാനത്തർക്കത്തിൽ അങ്കമാലി പക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് തന്നെയാണ് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും നിൽക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മേജര്‍ ആര്‍ച്ചുബിഷപ്പ് തിരഞ്ഞെടുപ്പിന് പിന്നാലെ ചേർന്ന സിനഡ് പുതിയ സർക്കുലർ ഇറക്കിയത്.

വൈദികരുടെയും വിശ്വാസികളുടെയും നിലപാടറിയാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് അതിരൂപത സംരക്ഷ സമിതി നിലപാടെടുത്തു. സിറോ മലബാര്‍ സഭയുടെ നവീകരിച്ച കുര്‍ബാന പുസ്തകം തന്നെയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലും ഉപയോഗിക്കുന്നത്. അതിലെ നടപടിക്രമം തെറ്റിച്ചുകൊണ്ടുള്ള കുര്‍ബാന അര്‍പ്പണരീതിയാണ് സിനഡ് നിർദേശിക്കുന്നത്. അക്കാര്യത്തിൽ മാത്രമാണ് എതിര്‍പ്പുള്ളത്. ചർച്ചയൊന്നും ഇല്ലാതെ സിനഡ് മെത്രാന്മാരെടുത്ത ഏകപക്ഷീയ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ അതിരൂപതയെ കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ നിന്നും പോലും പുറത്താക്കുമെന്ന് പറയുന്നത് ശരിയല്ല. പുതിയ മേജര്‍ ആര്‍ച്ചുബിഷപ് പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് സംരക്ഷണ സമിതി പറയുന്നു.

വൈദികര്‍ക്ക് തോന്നിയത് പോലെ കുര്‍ബാന ചൊല്ലാന്‍ പറ്റില്ലെന്നും, കുര്‍ബാന അര്‍പ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ കഴിഞ്ഞ ദിവസം താക്കീതുരൂപത്തിൽ പറഞ്ഞിരുന്നു. ഇതോടെ മാർ ആലഞ്ചേരിയോട് സ്വീകരിച്ച സമീപനം കുർബാനക്കാര്യത്തിലെങ്കിലും തുടരേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് എതിർ പക്ഷം വിലയിരുത്തുന്നത്. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പ് ചുമതലയേറ്റ ശേഷവും അതിരൂപതയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉടന്‍ ഉണ്ടാകില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.

അതേസമയം, അതിരൂപതയിലെ ഭൂരിഭാഗം ഇടവകളിലും സഭ സിനഡ് സർക്കുലർ ഇക്കുറി വൈദീകർ വായിച്ചതായി അല്മായ ശബ്ദം അവകാശപ്പെട്ടു. ഇതിന് മുൻപ് പല പ്രാവശ്യം പുറത്തിറക്കിയ സർക്കുലർ ഉൾപ്പെടെ വായിക്കാത്ത ഇടവക പള്ളികളിൽ വരെ സർക്കുലർ പൂർണ്ണമായി വായിച്ചതായി അല്മായ നേതൃത്വം അവകാശപ്പെട്ടു. സഭയേയും സഭ പ്രബോധനങ്ങളെയും വെല്ലുവിളിക്കുന്ന വൈദീകരെ സഭ നിയമം അനുസരിച്ച് ഇനി ഒരു മുന്നറിയിപ്പ് കൊടുക്കാതെ പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സഭക്ക് എതിരെ നിരന്തരം അപവാദ പ്രചരണങ്ങളും സമര വെല്ലുവിളിയും ഉയർത്തുന്നവരെ സഭയുടെ സ്ഥാപനങ്ങളിലെ ഔദോഗിക സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്യുകയും അച്ചടക്കം നിരന്തരം ലംഘിക്കുന്ന പുരോഹിതർക്ക് കൂദാശ വിലക്ക് ഉൾപ്പെടെ ഏർപ്പെടുത്തണമെന്ന് അല്മായശബ്ദം ഭാരവാഹികൾ പറഞ്ഞു.

Trending

No stories found.

Latest News

No stories found.