
വിഎസിന് കേന്ദ്ര സർക്കാരും ആദരം അർപ്പിക്കും; സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക പ്രതിനിധി എത്തും
file image
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ സംസ്കാര ചടങ്ങുകളിൽ കേന്ദ്രവും ആദരം അർപ്പിക്കും. ബുധനാഴ്ച കേന്ദ്രത്തിന്‍റെ പ്രത്യേക പ്രതിനിധിയാവും ആദരം അർപ്പിക്കുക. മുൻ മുഖ്യമന്ത്രി എന്ന നിലയിലാണ് ആദരമർപ്പിക്കാൻ കേന്ദ്രം പ്രത്യേക പ്രതിനിധിയെ അയക്കുന്നത്.
പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ളവർ വിഎസിന്‍റെ വിയോഗത്തിൽ അനുശേചനം രേഖപ്പെടുത്തിയിരുന്നു. വിഎസ് ആദർശ ധീരതയുള്ള നേതാവായിരുന്നെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. കേരളത്തിന്‍റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റി വെച്ച് വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോദി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.
ആദര സൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധിയാണ്. ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും പരിപാടികളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. മൂന്നു ദിവസം സംസ്ഥാനത്ത് ദുഃഖാചരണം ആചരിക്കും. ദേശിയ പതാകകൾ താഴ്ത്തിക്കെട്ടും.
ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ജൂലൈ 21 വൈകിട്ട് 3.20 ഓടെ വിഎസ് വിടപറയുകയായിരുന്നു.