
കൊച്ചി: ഏകദിന സന്ദർശനത്തിനായി കേന്ദ്ര വാർത്താ വിതരണ- പ്രക്ഷേപണ, യുവജനകാര്യ-കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ ഇന്നു കൊച്ചിയിലെത്തും. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം രാവിലെ സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മാതൃഭൂമി പത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
ഉച്ചയ്ക്കു ശേഷം കാക്കനാട് രാജഗിരി ബിസിനസ് സ്കൂളിൽ വിദ്യാർഥികളും അധ്യാപകരുമായി സംവദിക്കും. പരിപാടിയുടെ ഭാഗമായി അദ്ദേഹം സ്റ്റാഗ് ടേബിൾ ടെന്നീസ് അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിക്കുകയും മുൻകാലത്തെയും ഇപ്പോഴത്തെയും കായികതാരങ്ങൾക്ക് "ഗോൾഡൻ ബൂട്സ്' അവാർഡുകൾ സമ്മാനിക്കുകയും ചെയ്യും.
വൈകിട്ട് പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ നടക്കുന്ന ചടങ്ങിലും കേന്ദ്രമന്ത്രി പങ്കെടുക്കും. ചടങ്ങിൽ ദേശീയ വിദ്യാഭ്യാസ നയം- 2020 പാഠ്യപദ്ധതിയിലെ "ഹോളിസ്റ്റിക് സ്പോർട്സുമായി' സംയോജിപ്പിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കും. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാനും പരിപാടിയിൽ പങ്കെടുക്കും. രാത്രി കേന്ദ്രമന്ത്രി ചെന്നൈക്ക് യാത്ര തിരിക്കും.