
നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കുഴിച്ചിട്ടതായി സംശയം; കസ്റ്റഡിയിൽ
file image
തൃശൂർ: അവിവാഹിതരായ മാതാപിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടതായി സംശയം. തൃശൂരിലെ പുതുക്കാട് പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ആമ്പലൂർ സ്വദേശി ഭവിൻ (25) കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തുകയും പ്രസവിച്ച കുഞ്ഞുങ്ങളെ കാമുകി കുഴിച്ചുമൂടിയതായും പൊലീസിനോട് പറഞ്ഞു. തുടർന്ന് വെള്ളിക്കുളങ്ങര സ്വദേശിയും കുട്ടിയുടെ അമ്മയുമായ അനീഷയെ (22) പൊലീസ് സ്റ്റേഷിനിലെത്തിച്ച് ചോദ‍്യം ചെയ്തു.
ഇരുവർക്കും 2021ലും 2024ലുമായുണ്ടായ 2 കുട്ടികളെയാണ് കുഴിച്ചിട്ടത്. കർമം ചെയ്യുന്നതിനായി കുഞ്ഞുങ്ങളുടെ അസ്ഥി ഭവിൻ സൂക്ഷിച്ചിരുന്നു. എന്നാൽ ഭയംമൂലം ഞായറാഴ്ച പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഫെയ്സ്ബുക്കിലൂടെയാണ് ഭവിൻ അനീഷയെ പരിചയപ്പെട്ടത്. ആദ‍്യത്തെ കുട്ടിയുടെ പ്രസവം അനീഷയുടെ വീട്ടിലെ കുളിമുറിയിൽ വച്ചായിരുന്നു നടന്നത്. എന്നാൽ കുട്ടി മരിച്ചപ്പോൾ അനീഷ തന്നെ ജഡം വീട്ടുപറമ്പിൽ രഹസ‍്യമായി കുഴിച്ചിട്ടു.
8 മാസങ്ങൾക്ക് ശേഷം അനീഷ കുട്ടിയുടെ അസ്ഥികൾ ഭവിന് കൈമാറി. വീണ്ടും ഗർഭിണിയായ അനീഷ പ്രസവിക്കുകയും ഉണ്ടായ കുഞ്ഞ് തത്സമയം മരിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ ജഡം അനീഷ ആമ്പലൂരിലെത്തിച്ച് ഭവിന് കൈമാറിയെന്നും ഭവിൻ കുട്ടിയുടെ ജഡം വീടിനു പുറകിൽ രഹസ‍്യമായി കുഴിച്ചുമൂടിയെന്നുമാണ് ഇരുവരും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടികളെ കൊന്ന ശേഷം കുഴിച്ചിട്ടതാണോയെന്നത് അടക്കമുള്ള കാര‍്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.