കൊച്ചി: സിനിമാ മേഖലയിലെ പ്രമുഖരായ വ്യക്തികള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇനിയും പേരുകള്‍ പുറത്തുവരാനുണ്ടെന്ന് നടി ഉഷ ഹസീന. എല്ലാവരും തന്നെ ധൈര്യമായി മുന്നോട്ട് വന്ന് കേസ് കൊടുക്കണം. റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം നിരവധി കാര്യങ്ങളാണ് നമ്മൾ കേൾക്കുന്നത്. അപ്പോൾ കമ്മിറ്റിയ്ക്ക് മുന്നിൽ മൊഴി കൊടുത്തവർ കൂടി മുന്നോട്ട് വന്നാൽ എന്താകും സ്ഥിതി? ഭയങ്കര ഭൂകമ്പമായിരിക്കും ഉണ്ടാകാൻ പോകുന്നത്- ഉഷ കൂട്ടിച്ചേർത്തു.
ഇനി എന്താണ് നഷ്ടപ്പെടാനുള്ളത്. നിങ്ങളുടെ അവസരങ്ങൾ നഷ്ട്ടപ്പെട്ടു, വിലക്കേർപ്പെടുത്തി. മൊഴി കൊടുത്തവർ കേസ് കൊടുത്താൽ മാത്രമേ കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കുകയുള്ളൂ. ഉചിതമായ സമയത്ത് സർക്കാർ വേണ്ട രീതിയിൽ ഇടപെടും. പോസിറ്റീവ് ആയിട്ടുള്ള തീരുമാനമായിരിക്കും സർക്കാരിൽ നിന്നും ഉണ്ടാവുക എന്നാണ് പ്രതീക്ഷ. ഹേമ കമ്മിറ്റി പോലെയുള്ള വലിയൊരു സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയത്- ഉഷ പറയുന്നു.