

തിരുവനന്തപുരം: ഉത്ര കൊലക്കേസ് പ്രതി സൂരജിന് പരോൾ ലഭിക്കാൻ വ‍്യാജരേഖ നൽകിയതിൽ അന്വേഷണം ശക്തമാക്കി പൊലീസ്. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്‌ടറെ ചോദ‍്യം ചെയ്യും. പിതാവിന് ഗുരുതര രോഗമാണെന്നും അതിനാൽ പരോൾ അനുവദിക്കണമെന്നും ആവശ‍്യപ്പെട്ടാണ് സൂരജ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാൽ സർട്ടിഫിക്കറ്റ് വ‍്യാജമാണെന്ന് ജയിൽ അധികൃതർ കണ്ടെത്തുകയായിരുന്നു.
സൂരജിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്‌ടറോട് ജയിൽ അധികൃതർ കൂടുതൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് സർട്ടിഫിക്കറ്റ് വ‍്യാജമാണെന്ന് മനസിലായത്. സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും ഗുരുതര അസുഖമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്‌ടർ അറിയിച്ചത്. വ‍്യാജ സർട്ടിഫിക്കറ്റാണ് മനസിലായതോടെ ജയിൽ സുപ്രണ്ട് പൂജപ്പുര പൊലീസിൽ പരാതി നൽകുകയായിരുന്നു. സൂരജിന്‍റെ അമ്മയാണ് സർട്ടിഫിക്കറ്റ് എത്തിച്ച് നൽകിയത്. സംഭവത്തിൽ സൂരജിനെയും അമ്മയേയും ചോദ‍്യം ചെയ്യും.