

ജാഗ്രത...!! അള്‍ട്രാവയലറ്റ് രശ്മികളെ ശ്രദ്ധിക്കുക; സംസ്ഥാനത്ത് റെഡ് അലർട്ട്
തിരുവനന്തപുരം: വെനൽ ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അൾട്രാവയലറ്റ് വികിരണത്തിന്‍റെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതായും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് മൂന്നാർ (ഇടുക്കി) ജില്ലകളിലാണ്. അള്‍ട്രാ വയലറ്റ് സൂചിക 11 ആണ് രേഖപ്പെടുത്തിയത്. ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നല്‍കുന്ന റെഡ് അലർട്ടാണ് മൂന്നാറിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടാതെ, കോന്നി (9), ചെങ്ങന്നൂർ (9), തൃത്താല (8), പൊന്നാനി (8), എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും, കൊട്ടാരക്കര (7), ചങ്ങനാശേരി (7 ), കളമശേരി (6), ഒല്ലൂര്‍ (6), ബേപ്പൂർ (6), മാനന്തവാടി (6) എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.