ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; മെസിയുടെ പേരിലെ തട്ടിപ്പില്‍ വി. അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന്‍ മന്ത്രി സഹായം ചെയ്തുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ
V Abdurahiman likely to be named an accused in the Messi fraud case

വി. അബ്ദുറഹിമാൻ

Updated on: 

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാൻ നീക്കം. അബ്ദുറഹ്മാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന്‍ മന്ത്രി സഹായം ചെയ്തുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

അബ്ദുറഹ്മാന്‍റെ മൊഴി എസ്ഐടി പരിശോധിച്ച് വരികയാണ്. പ്രതി ചേര്‍ക്കുന്നതില്‍ അന്തിമ തീരുമാനം മൊഴിയും രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും. കേസില്‍ എസ്‌ഐടി അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. വി. അബ്ദുറഹിമാന്‍റെ മൊഴിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള കത്തിടപാടുകള്‍, ടെന്‍ഡറില്ലാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്‌പോണ്‍സറായി തെരഞ്ഞെടുത്തത്, അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കായുള്ള വിദേശയാത്ര അങ്ങനെ എല്ലാം അന്വേഷണത്തിന്‍റെ പരിധിയിലുണ്ട്.

അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ നിര്‍ദേശം. വഴിവിട്ട സഹായം നല്‍കിയതില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്, സാമ്പത്തിക ഇടപാടുകളില്‍ ആരുടെയൊക്കെ പങ്കാളിത്തമുണ്ട് എന്നുള്ളത് തുടര്‍ അന്വേഷണത്തിലൂടെയെ വ്യക്തമാവൂ.

logo
Metro Vaartha
www.metrovaartha.com