''പിണറായി വിജയന് ഭീഷണിയുടെ സ്വരം''; തെറ്റുകൾ തിരുത്താൻ സിപിഎം യാതൊരു ശ്രമവും നടത്തിയില്ലെന്ന് കുഞ്ഞികൃഷ്ണൻ

എതിരാളികളുമായി ഗൂഢാലോചന നടത്തി സിപിഎമ്മിനെതിരേ പ്രവർത്തിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചതിൽ മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞികൃഷ്ണൻ
v. kunhikrishnan against cpm and pinarayi vijayan

വി. കുഞ്ഞികൃഷ്ണൻ, പിണറായി വിജയൻ

Updated on

കണ്ണൂർ: പാർട്ടി ശക്തി കേന്ദ്രമായ പയ്യന്നൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും തെറ്റുകൾ തിരുത്താൻ സിപിഎം യാതൊരു ശ്രമവും നടത്തിയില്ലെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ.

എതിരാളികളുമായി ഗൂഢാലോചന നടത്തി സിപിഎമ്മിനെതിരേ പ്രവർത്തിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചതിൽ മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ തോൽവിയിൽ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയൻ കുഞ്ഞികൃഷ്ണനെ വിമർശിച്ച് രംഗത്തെത്തിയത്.

പിണറായിയുടെ പരാമർശത്തിന് ഭീഷണിയുടെ സ്വരമാണെന്നും സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസിലാക്കിയിട്ടും അതിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് പിണറായി വിജയന്‍റെയും കെ.കെ. രാഗേഷിന്‍റെയും ഭാഗത്ത് നിന്നുമുണ്ടായതെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണയാണെന്ന വാദം യുക്തിക്ക് നിരക്കാത്തതാണെന്നും തന്‍റെ പുസ്തക പ്രകാശനത്തിന് ശേഷം ഏപ്രിൽ 9ലെ വോട്ടെടുപ്പ് വരെ വലിയൊരു സമയമുണ്ടായിട്ടും ജനങ്ങളുടെ സംശയങ്ങൾ തീർക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

അരലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ എതിർ സ്ഥാനാർഥി 7,500 വോട്ടുകൾക്ക് വിജയിച്ചത് നിസാര കാര‍്യമല്ലെന്നും ഇത്രയധികം ജനങ്ങളെ ബോധ‍്യപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടി സംവിധാനത്തിന്‍റെ വീഴ്ചയാണെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

കോടതിയിൽ കുഞ്ഞികൃഷ്ണനെകൊണ്ട് മറുപടി പറയിപ്പിക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ പരാമർശത്തിലും അദ്ദേഹം മറുപടി പറഞ്ഞു. കേസ് വന്നാൽ താൻ നേരിടുമെന്നും നിലവിൽ തനിക്കെതിരേ കേസില്ലെന്നും അതൊരു വെല്ലുവിളിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

logo
Metro Vaartha
www.metrovaartha.com