

വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനും ചിലരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തകം പ്രകാശനം ചെയ്യുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി.
പൊലീസ് സംരക്ഷണം വേണമെന്നാവശ‍്യപ്പെട്ട് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഫെബ്രുവരി നാലിന് പയ്യന്നൂർ ഗാന്ധി സ്ക്വയറിൽ വച്ചാണ് പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നത്.
പാർട്ടിയിൽ നിന്നും പുറത്തായതിനു പിന്നാലെ കുഞ്ഞികൃഷ്ണന്‍റെ വീടിനു മുന്നിൽ ഒരു വിഭാഗം സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂർ ജില്ലാ കലക്റ്റർ, പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനൻ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവരെ എതിർ കക്ഷിയാക്കികൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.