സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കും; കരട് വിജ്ഞാപനം ഉടനെന്ന് മന്ത്രി വി. ശിവൻകുട്ടി

കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ
v. sivankutty about hospital labours wages

മന്ത്രി വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറപ്പെടുവിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇതിനായി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2200 ഓളം വരുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലായി 1.13 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ വേതനം പരിഷ്‌കരിച്ചുള്ള 2018 ലെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013 ലെ വിജ്ഞാപനം അനുസരിച്ചുള്ള വേതനമാണ് ഇപ്പോൾ ആശുപത്രികളിൽ നൽകിവരുന്നത്. ഇത് പരിഷ്കരിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.

ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച മിനിമം വേതന കമ്മിറ്റി 2023 ഡിസംബർ മുതൽ 2025 മെയ് വരെ വിവിധ ഘട്ടങ്ങളിലായി, ഈ ലക്ഷ്യം മുൻനിർത്തി ചർച്ചകൾ നടത്തിയിരുന്നു.

എന്നാൽ മാനേജ്മെന്‍റ് പ്രതിനിധികളുടെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടായില്ല. അതിനാൽ സമവായത്തിലെത്താൻ സാധിച്ചില്ല. 2013ലെ നിരക്ക് അടിസ്ഥാനമാക്കി നേരിയ വർദ്ധന മാത്രമാണ് മാനേജ്മെന്‍റുകൾ നിർദ്ദേശിച്ചത്. തൊഴിൽ വകുപ്പ് മുന്നോട്ടുവെച്ച 60 ശതമാനം വർധനവ് ട്രേഡ് യൂണിയനുകൾ സ്വാഗതം ചെയ്‌തിരുന്നു. മാനേജ്മെന്‍റ് പ്രതിനിധികൾ ഇത് തള്ളി. തുടർന്ന് കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ വ്യവസായ ബന്ധസമിതി യോഗത്തിൽ മാനേജ്മെന്‍റ് പ്രതിനിധികൾ പങ്കെടുത്തില്ല.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിച്ചുകൊണ്ട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കാൻ തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com