മോദിയെ സ്വീകരിക്കാൻ മേയർക്ക് അവസരം നൽകാത്തതിൽ രൂക്ഷ വിമർശനവുമായി ശിവൻകുട്ടി; ബ്ലു പ്രിന്‍റ് എവിടെ എന്നും ചോദ്യം

45 ദിവസത്തിനകം പ്രധാനമന്ത്രി നേരി​ട്ടെത്തി വികസന ബ്ലു പ്രിന്‍റ് പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം
v sivankutty against exclusion of mayor vv rajesh from pm welcome event

V Sivan kutty

Updated on

തിരുവനന്തപുരം: തിരുവനന്തപുരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ വി.വി.​ രാജേഷിന് അവസരം നല്‍കാതിരുന്നതിനെതി​രേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.​ ​ശിവന്‍കുട്ടി രംഗത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയറെ സ്വീകരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോർപ്പ​റേഷന്‍ ഭരണം ബിജെപി പിടിച്ചാല്‍, ഔദ്യോഗിക വസ്ത്രമണിഞ്ഞു മേയര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാല്‍, പ്രധാനമന്ത്രി എത്തിയപ്പോള്‍ നഗരത്തിന്‍റെ പ്രഥമ പൗരനായ മേയര്‍ക്ക് ആ പട്ടികയില്‍ ഇടമില്ല. ഇത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറല്‍ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന വിശദീകരണങ്ങള്‍ ഒന്നും തന്നെ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്നും അതോ വി.വി. ​രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത മേയര്‍ ആണോ എന്നും ശിവന്‍കുട്ടി ചോദിച്ചു.

45 ദിവസത്തിനകം പ്രധാനമന്ത്രി നേരി​ട്ടെത്തി വികസന ബ്ലു പ്രിന്‍റ് പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. എവിടെ ബ്ലൂ പ്രിന്‍റ്. തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബാധ്യത ഇല്ല എന്ന നിലപാട് ബിജെപി ആവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഉപരോധമാണ് കേന്ദ്രം നടത്തുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ പറയട്ടെ, നമ്മുടെ സ്‌കൂളുകള്‍ക്കുള്ള സമഗ്ര ശിക്ഷാ ഫണ്ടില്‍ 1,148.13 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. ഇത് കേവലം ഒരു കണക്കല്ല, നമ്മുടെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്. ​വയനാട് ദുരന്തമുണ്ടായപ്പോള്‍ പോലും അര്‍ഹമായ സഹായം നിഷേധിച്ചവരാണ് ഇവര്‍. കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനം നടപ്പിലാക്കുന്നില്ല എന്ന ആരോപണം പച്ചക്കള്ളമാണെന്നും ശിവൻകുട്ടി പറയുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ യുപിയും ബീഹാറുമൊക്കെ മാതൃകയാക്കിയാണ് കേരളത്തെ വിലയിരുത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളുടെ ശൃംഖല കേരളത്തിലാണുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുടെ ഓഫിസ് ഒഴിവാക്കിയതല്ലെന്നും റെയിൽവേയുമായി ബന്ധപ്പെട്ട പരിപാടിയിലും പാർട്ടി പരിപാടിയിലും പ്രധാനമന്ത്രിയുമായി വേദി പങ്കിടേണ്ടതിനാൽ സ്വീകരണത്തിന് എത്താത്തതാണെന്നാണ് മേയർ വി.വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടിയിലും മേയറും പങ്കെടുക്കേണ്ടതാ​ണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയാൽ കൃത്യസമയത്ത് വേദിയിലെത്താൻ കഴിയില്ല. തിരുവനന്തപുരത്തിനും രാഷ്‌​ട്രീ​യമായി ബിജെപിക്കും ഗുണംചെയ്യുന്നത് മേയർ രണ്ടുപരിപാടിയിലും പങ്കെടുക്കുന്നതാണെന്ന് ഞങ്ങൾക്ക് തോന്നി. തിരുവനന്തപുരത്ത് ബിജെപി അധികാരത്തിലെത്തിയശേഷം പ്രധാനമന്ത്രി ആദ്യമായി എത്തുന്ന പരിപാടിയിൽ മേയർ ഇല്ലാതിരുന്നാൽ അതുണ്ടാക്കുന്ന സാഹചര്യം മറ്റൊന്നാണ്. അത് ഒഴിവാക്കാൻ ഇതാണ് മാർഗം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. വികസന പദ്ധതികൾ സർക്കാരുമായടക്കം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും രാജേഷ് പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com