''ഞാനും 'ഗഫൂർ കാ ദോസ്ത്' ആണ്...സങ്കടപ്പെടുന്ന ഒരു ദോസ്ത്..'' മാമൂക്കോയയെ അനുസ്മരിച്ച് വി ശിവൻകുട്ടി

ഞാനിവിടെ പറയാൻ ആഗ്രഹിക്കുന്നത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ 'തഗ്' ഡയലോഗുകൾ മലയാളിക്ക് കാഴ്ചവച്ച സുൽത്താനെ കുറിച്ചാണ്
''ഞാനും 'ഗഫൂർ കാ ദോസ്ത്' ആണ്...സങ്കടപ്പെടുന്ന ഒരു ദോസ്ത്..'' മാമൂക്കോയയെ അനുസ്മരിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയനടൻ മാമൂക്കോയയുടെ വേർപാടിൽ അനുസ്മരിച്ച് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. സീനിനു മുമ്പും ശേഷവും ഗൗരവക്കാരനായ വ്യക്തിയായിരുന്നു നമുക്ക് മാമുക്കോയെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. 'വടക്കുനോക്കിയന്ത്രം' എന്ന സിനിമയിൽ ഏതാനും മിനിട്ടുകളെ അദ്ദേഹം സ്ക്രീനിൽ ഉള്ളൂ. എന്നാൽ ആ 'സ്മൈൽ പ്ലീസ്‌' നാം എങ്ങനെ മറക്കും എന്നാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.....

മാമുക്കോയ എന്ന അഭിനേതാവിനെ കുറിച്ച് മലയാളിക്ക് ഇനിയും വായിച്ചോ കണ്ടോ അറിയേണ്ടതില്ല, അദ്ദേഹത്തിലെ സാംസ്കാരിക നായകനെയും പുതുതായി പരിചയപ്പെടേണ്ടതില്ല. അത്രയ്ക്കും സുപരിചിതനാണ് അദ്ദേഹം മലയാളിക്ക്.

ഞാനിവിടെ പറയാൻ ആഗ്രഹിക്കുന്നത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ 'തഗ്' ഡയലോഗുകൾ മലയാളിക്ക് കാഴ്ചവച്ച സുൽത്താനെ കുറിച്ചാണ്.

''ഗഫൂർ കാ ദോസ്ത്' എന്ന പ്രയോഗത്തെക്കുറിച്ച് അറിയാത്ത മലയാളി ഉണ്ടോ..! ദാസനും വിജയനും മാത്രമല്ല ''ഗഫൂർ കാ ദോസ്ത്'' പറഞ്ഞത്. നാടോടിക്കാറ്റിലെ ഗഫൂർക്കയെ കണ്ടറിഞ്ഞത് മുതൽ എല്ലാ മലയാളികളും 'ഗഫൂർ കാ ദോസ്ത്' ആണ്.

സീനിനു മുമ്പും ശേഷവും ഗൗരവക്കാരനായ വ്യക്തിയായിരുന്നു നമുക്ക് മാമുക്കോയ. എന്നാൽ സീനിൽ വന്നതിന് ശേഷം ആ സീനിലെ ഹാസ്യം മാത്രമല്ല അദ്ദേഹത്തിന്റെ തഗ് ഡയലോഗുകളും നമ്മോടൊപ്പം തിയേറ്ററിന് പുറത്തിറങ്ങും, നമ്മോടൊപ്പം സഞ്ചരിക്കും. പലപ്പോഴും ആ ഡയലോഗുകൾ സ്ക്രിപ്റ്റിൽ ഉണ്ടാകുമായിരുന്നില്ല എന്നതാണ് വാസ്തവം.

'വടക്കുനോക്കിയന്ത്രം' എന്ന സിനിമയിൽ ഏതാനും മിനിട്ടുകളെ അദ്ദേഹം സ്ക്രീനിൽ ഉള്ളൂ. എന്നാൽ ആ 'സ്മൈൽ പ്ലീസ്‌' നാം എങ്ങനെ മറക്കും?

നിരവധി മികച്ച താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിടുമ്പോഴും മാമുക്കോയയുടെ കൊടുക്കൽ വാങ്ങലുകൾ മനസ്സിൽ നിറഞ്ഞു നിൽക്കും.

ആർക്കും അനുകരിക്കാൻ ആവാത്ത അഭിനയ ശൈലിയും ഡയലോഗ് ഡെലിവറിയും ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 'റാംജിറാവു സ്പീക്കിംഗ്' എന്ന സിനിമയിൽ ' ബാലകൃഷ്ണാ..ഇറങ്ങി വാടാ തൊരപ്പാ' എന്നുപറയുമ്പോൾ പച്ചയായ മനുഷ്യന്റെ കോപവും സ്നേഹവും നിറഞ്ഞ സംബോധന ആണ് നമുക്ക് അനുഭവപ്പെടുന്നത്. ബാലകൃഷ്ണനെ തിരക്കി ഓഫീസിൽ കയറുമ്പോൾ ഇറങ്ങി വരുന്ന ശങ്കരാടിയോട് മാമുക്കോയ പറയുന്നുണ്ട്,' സോറി ഇങ്ങളല്ല വേറൊരു തൊരപ്പൻ ഉണ്ട്' എന്ന്.

എത്രയോ മികച്ച കഥാപാത്രങ്ങൾക്കുള്ള കരുത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു, പെരുമഴക്കാലത്തിലേതുപോലെ.. എന്നാൽ ആ വലിയ നീതി അഭിനയ ജീവിതത്തിൽ ഈ കോഴിക്കോടൻ ശൈലിക്കാരന് ലഭിച്ചില്ല.

എങ്കിലും കുട്ടികളെയും കൗമാരക്കാരെയും യുവാക്കളെയും മധ്യവയസ്കരെയും വൃദ്ധരെയും ഒരുപോലെ രസിപ്പിച്ച ഇതിഹാസതാരം തന്നെയാണ് അദ്ദേഹം.

മാമുക്കോയ ഇനിയില്ല. എന്നാൽ അദ്ദേഹത്തിന്റെ എത്രയോ കഥാപാത്രങ്ങൾ നമുക്കൊപ്പം ഉണ്ട്.

ഞാനും 'ഗഫൂർ കാ ദോസ്ത്' ആണ്.

സങ്കടപ്പെടുന്ന ഒരു ദോസ്ത്..

ആദരാഞ്ജലികൾ...

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com