

വി. ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീയിൽ സിപിഐക്ക് മുന്നിൽ വഴങ്ങേണ്ടി വന്ന സിപിഎമ്മിന്‍റെ രോഷം മറനീക്കി പുറത്തു വരുന്നു. മന്ത്രി ജി.ആർ. അനിൽ തന്നെ പരിഹസിച്ചെന്ന ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. സിപിഐ ആസ്ഥാനത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണാനായി ചെന്നപ്പോഴുള്ള സമീപനം ചൂണ്ടിക്കാട്ടിയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
ഓഫിസിൽ വന്നാൽ സംസാരിക്കാതെ പറ്റുമോ എന്നായിരുന്നു അനിലിന്‍റെ പ്രതികരണമെന്നും എവിടെയോ കിടക്കുന്ന ഒരാൾ ഓഫിൽ വന്ന പുച്ഛഭാവമായിരുന്നു മന്ത്രിക്കെന്നും ശിവൻകുട്ടി പറയുന്നു.
പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി നിസഹായനാണെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. എഐഎസ്എഫും എഐവൈഎഫും തന്റെ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ വിളിച്ച മുദ്രാവാക്യങ്ങളും വാക്കുകളും ശരിയല്ലെന്നും അത് തന്നെ വിഷമിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വേദന തോന്നുന്ന പ്രതിഷേധം കമ്മ്യൂണിറ്റ് പാർട്ടികൾ തമ്മിൽ ഉണ്ടാവാൻ പാടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.