

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാനം ഒപ്പുവച്ചതിൽ വിശദീകരണവുമായി വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയിൽ സംസ്ഥാനം ഒപ്പുവച്ചതിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കേരളത്തിലെ കുട്ടികൾക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവച്ചു കൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പുവയ്ക്കാത്തതിന്‍റെ പേരിൽ സർവ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞു വച്ചെന്നും ഇതു മൂലം 1158. 13 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമായെന്നും ഒപ്പുവച്ചതിനാൽ 1476 കോടി കേരളത്തിന് ലഭിക്കുമെന്നും മന്ത്രി വ‍്യക്തമാക്കി. ഫണ്ട് തടഞ്ഞുവച്ചത് മൂലം സൗജന‍്യ യൂണിഫോം, അലവൻസുകൾ എന്നിവയെ എല്ലാം ബാധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.