ടൂറിസത്തിൽ കേരളത്തെ മാതൃകയാക്കാൻ ഒഡിഷ

കേരള മാധ്യമ സംഘവുമായി കൂടിക്കാഴ്ച നടത്തി ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ
ടൂറിസത്തിൽ കേരളത്തെ മാതൃകയാക്കാൻ ഒഡിഷ

തിരുവനന്തപുരം പിഐബിയുടെ നേതൃത്വത്തിൽ ഒഡീഷ പര്യടനം കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ സംഘം ഉപമുഖ്യമന്ത്രി പ്രവതി പരിദയെ സന്ദർശിച്ചപ്പോൾ.

Updated on

ഭുവനേശ്വർ: ഒഡിഷയിൽ പ്രസ് ടൂറിനെത്തിയ കേരളത്തിലെ മാധ്യമ സംഘം ഒഡിഷയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായ പ്രവതി പരിദയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്‍റെ വികസന മുൻഗണനകൾ, ടൂറിസം പദ്ധതികൾ, സാമൂഹികക്ഷേമ പരിപാടികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടിക്കാഴ്ച വേദിയായി.

കേരളത്തിന്‍റെ ടൂറിസം മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒഡിഷയിലും ഹൗസ്‌ബോട്ട് അനുഭവങ്ങൾ കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ ചിലിക്കയിൽ ഇത്തരം നവീന ടൂറിസം പദ്ധതികൾ നടപ്പാക്കുന്നത് വഴി വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകുന്നതിനൊപ്പം പ്രാദേശിക സമൂഹത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചയിലും തൊഴിൽ സൃഷ്ടിക്കുന്നതിലും ടൂറിസം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൈതൃക-ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ടൂറിസത്തിന് പുറമെ, സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ചും അവർ സംസാരിച്ചു. ലഹരിമുക്ത ഭാരത ലക്ഷ്യത്തിന്‍റെ ഭാഗമായി യുവാക്കൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ നടത്തി ഒഡിഷ ഈ കാമ്പെയ്നെ സജീവമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. കൂടാതെ, കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി നൈപുണ്യ പരിശീലനവും സാമൂഹിക സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.

ടൂറിസം, സാമൂഹ്യ വികസനം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും സംബന്ധിച്ച ഫലപ്രദമായ ചർച്ചകളോടെയാണ് കൂടിക്കാഴ്ച സമാപിച്ചത്.

logo
Metro Vaartha
www.metrovaartha.com