

വി.എ. അരുൺകുമാർ
file image
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മകൻ വി.എ. അരുൺ കുമാർ. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ....
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്.
അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.