
വാഗമൺ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനിലെ അപകടം: കാർ കസ്റ്റഡിയിൽ, ഡ്രൈവർക്കെതിരേ കേസ്
കോട്ടയം: വാഗമൺ വഴിക്കടവിൽ ചാര്‍ജ് ചെയ്യാനായി കയറിവന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി 4 വയസുകാരന്‍ മരിച്ച സംഭവത്തില്‍ കാർ ഓടിച്ചയാൾക്കെതിരേ കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരേയാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് അപകടമുണ്ടായതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് ഉള്ളത്.
അതേസമയം, മരിച്ച കുഞ്ഞിന്‍റെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ട് നൽകും. അപകടത്തിൽ പരുക്കേറ്റ കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
കോട്ടയം വാഗമണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരം നേമം സ്വദേശികളായ ഇവർ സഞ്ചരിച്ച കാറ് ചാർജ് ചെയ്യാൻ ഇട്ടശേഷം ആര്യയും മകന്‍ അയാനും തൊട്ടടുത്തായി കസേരയിലിരിക്കുകയായിരുന്നു. ഈ സമയം ചാർജ് ചെയ്യാനെത്തിയ മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് 7 മണിയോടെ കുട്ടി മരിക്കുകയായിരുന്നു.