വൈക്കം സത്യഗ്രഹം ശതാബ്ദിക്ക് ഏപ്രിൽ 1ന് തുടക്കം; പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രിയും ചേർന്ന് ഉദ്ഘാടനം ചെയ്യും

എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയർമാനും ജില്ലാ കലക്റ്റർ കൺവീനറുമായി സംഘാടക സമിതി രൂപീകരിക്കും
വൈക്കം സത്യഗ്രഹം ശതാബ്ദിക്ക് ഏപ്രിൽ 1ന് തുടക്കം; പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രിയും ചേർന്ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് ഏപ്രിൽ 1ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചേർന്ന് നിർവഹിക്കും. വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ വൈക്കം സത്യഗ്രഹ സ്മാരകത്തിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.

സംസ്ഥാനതല ഉദ്ഘാടനവും സമാപനവും വൈക്കത്ത് നടക്കും. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സാംസ്‌കാരിക മന്ത്രി വർക്കിങ് ചെയർമാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, തോമസ് ചാഴികാടൻ എം.പി, സി.കെ ആശ എം.എൽ.എ, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം എന്നിവർ വൈസ് ചെയർമാൻമാരും ചീഫ് സെക്രട്ടറി ജനറൽ കൺവീനറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കൺവീനറുമാണ്.

എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയർമാനും ജില്ലാ കലക്റ്റർ കൺവീനറുമായി സംഘാടക സമിതി രൂപീകരിക്കും. വൈക്കത്തെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായും സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ ചെയർമാനുമായി സംഘാടക സമിതി രൂപികരിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ജനറൽ കൺവീനറും സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി കൺവീനറുമാണ്.

നാടിന്‍റെ ചരിത്രത്തിലെ ഏറ്റവും ജ്വലിക്കുന്ന അധ്യായമാണു വൈക്കം സത്യഗ്രഹമെന്നു സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ശതാബ്ദി ആഘോഷ പദ്ധതി വിശദീകരിച്ചു. സി.കെ ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു.

വൈക്കം സത്യഗ്രഹത്തിന്‍റെ ഭാഗമായി നടന്ന സവർണ ജാഥയുടെ പുനരാവിഷ്‌കാരം, തമിഴ്നാട്ടിലെയും കേരളത്തിലെയും നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്ന് വൈക്കത്തേക്ക് ജാഥകളും സംഘടിപ്പിക്കും. സമാപനത്തിന്റെ ഭാഗമായി അവസാന ദിവസം ഒരുലക്ഷം പേർ പങ്കെടുക്കുന്ന മഹാസംഗമവും നടക്കും.

കേരളത്തിലെ നവോത്ഥാന, സാമൂഹിക പരിഷ്‌കരണ നായകന്മാർ ഉയർത്തിയ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ 3 ദിവസം നീണ്ടു നിൽക്കുന്ന മഹാ കൺവൻഷനുകൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കും.വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്‌കൂൾ- കോളെജ് തലത്തിൽ അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവയ്ക്കെതിരേ പഠന കളരികൾ സംഘടിപ്പിക്കും. കോളെജ് യൂണിയനുകൾ, സർവകലാശാലകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള കലാപരിപാടികളും സംഘടിപ്പിക്കും.

മഹാത്മാഗാന്ധിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വിശ്വാസവും ആചാരവും എന്ന വിഷയത്തിൽ സെമിനാറുകൾ, അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട സമരങ്ങൾ നടന്ന സ്ഥലങ്ങളിൽ സംവാദം, ഇ.വി രാമസ്വാമി നായ്ക്കർ അനുസ്മരണം, സംഗീത നാടക അക്കാദമിയുടെ 100 പരിപാടികൾ, ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ 100 ചലച്ചിത്ര പ്രദർശനം, ലളിതകലാഅക്കാദമിയുടെ നേതൃത്വത്തിൽ 1000 ചുവരുകളിൽ ചുവർചിത്രം വരയ്ക്കൽ, സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം, നവോത്ഥാന സമരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പുസ്തകോൽസവം, സ്‌കൂൾ-കോളെജ് തലങ്ങളിൽ 100 വേദികളിൽ സാഹിത്യക്ലാസുകൾ, പ്രവാസി മലയാളികളെ ഉൾപ്പെടുത്തി ഓൺലൈൻ സെമിനാറുകൾ, വിദ്യാർഥികൾക്കായി ക്വിസ് മത്സരങ്ങൾ, സിനിമ മേഖലയിലെ കലാകാരന്മാരുടെ പരിപാടികൾ എന്നിവ ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം, മുൻ എം.എൽ.എമാരായ വൈക്കം വിശ്വൻ, കെ. അജിത്ത്, സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്‍റെണി, ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വൈക്കം നഗരസഭാംഗം ബിന്ദു ഷാജി, സാംസ്‌കാരിക വകുപ്പ് ഡയറക്റ്റർ എസ്. സുബ്രഹ്‌മണ്യം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി, ആർ.ഡി.ഒ പി.ജി രാജേന്ദ്രബാബു, തഹസിൽദാർ ടി.വി വിജയൻ, എ.വി റസൽ, അഡ്വ. വി.ബി ബിനു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സമുദായ-സാംസ്‌കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com