
തൊടുപുഴ: ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാൻ കൊക്കയിലേക്ക് വീണ് 3 പേർ മരിച്ചു. തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട വാൻ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.
17 പേർക്ക് പരിക്കേറ്റതായാണ് ലഭ്യമായ വിവരം. 4 പേരുടെ നില ഗുരുതരമാണ്. വാനിൽ 24 ആളുകളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളെജിലേക്ക് മാറ്റി. തിരുനെൽവേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്. മൂന്നാറിൽ നിന്നും വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വൈകീട്ട് ആറരയോടെയായിരുന്നു അപകടം. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിൽ എസ് വളവിൽ വെച്ചാണ് അപകടം നടന്നത്.