
എം.ബി. സന്തോഷ്
തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കാസർഗോഡു വരെ ആഴ്ചയിൽ 6 ദിവസം. വ്യാഴാഴ്ച ഓടില്ല. ആദ്യ പരീക്ഷണ ഓട്ടത്തിൽ നിർത്തിയെങ്കിലും തിരൂരിൽ സ്റ്റോപ്പില്ല. പകരം ഷൊർണൂരിൽ നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. 8 മണിക്കൂർ 5 മിനിറ്റാണ് പ്രതീക്ഷിക്കുന്ന സമയ ദൈർഘ്യം. യാത്രാ നിരക്കും റിസർവേഷൻ ആരംഭിക്കുന്ന ദിവസവും ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
25ന് രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയ്ൽ മന്ത്രി അശ്വനി വൈഷ്ണവ് തുടങ്ങിയവർ പങ്കെടുക്കും.
തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരതിന് 20634 ആണ് നമ്പർ. തിരിച്ചുള്ളത് 20633. പ്രാഥമിക അറ്റകുറ്റപ്പണികൾ കൊച്ചുവേളിയിൽ. കാസർഗോഡ് വെള്ളം നിറയ്ക്കാൻ നിലവിൽ സൗകര്യമില്ല. അതിനാൽ അവിടെ അത് ഏർപ്പെടുത്തുംവരെ കണ്ണൂരിൽ നിന്നാവും വെള്ളം നിറയ്ക്കുക. 2 മിനിറ്റാണ് എറണാകുളം ടൗൺ (നോർത്ത്) ഒഴികെയുള്ള സ്റ്റേഷനിൽ നിർത്തുക. എറണാകുളം ടൗണിൽ ഇത് 3 മിനിറ്റാണ്. കണ്ണൂരിൽ വെള്ളം നിറയ്ക്കേണ്ടതിനാൽ കൂടുതൽ സമയം നിർത്തേണ്ടിവരും.
16 ബോഗികളുമായി സർവീസ് നടത്താനാണ് തീരുമാനം. വലിയ വേഗതയിൽ ട്രെയ്ൻ ഓടാത്ത സാഹചര്യത്തിലാണിത്. 130 കിലോമീറ്ററിലേറെ പോകുന്ന വന്ദേഭാരതിൽ 10ലേറെ ബോഗികളില്ല. അത് വേഗതയെ ബാധിക്കുമെന്നതിനാലാണ്.
തിരുവനന്തപുരത്തു നിന്ന് രാവിലെ 5.20ന് തിരിക്കുന്ന വന്ദേഭാരത് 1.25ന് കാസർഗോഡെത്തും. കൊല്ലം -6.07, കോട്ടയം-7.25, എറണാകുളം ടൗൺ 8.17, തൃശൂർ - 9.22, ഷൊർണൂർ - 10.02, കോഴിക്കോട് - 11.03, കണ്ണൂർ - 12.03 എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളിലെ സമയം.
കാസർഗോഡ് നിന്ന് ഉച്ചയ്ക്കു ശേഷം 2.30ന് തിരിക്കുന്ന വന്ദേഭാരത് 10.35ന് തിരുവനന്തപുരം സെൻട്രലിലെത്തും. മറ്റ് സ്റ്റേഷനുകളിലെത്തുന്ന സമയം: കണ്ണൂർ- 3.28, കോഴിക്കോട് - 4.28, ഷൊർണൂർ - 5.28, തൃശൂർ - 6.03, എറണാകുളം ടൗൺ - 7.05, കോട്ടയം -8.00, കൊല്ലം -9.18.
കൊല്ലത്തു നിന്ന് 9.20ന് തിരിക്കുന്ന വന്ദേഭാരതിന് തിരുവനന്തപുരത്തെത്താൻ നീക്കിവച്ചിരിക്കുന്നത് ഒരു മണിക്കൂർ 15 മിനിറ്റ്! രാവിലെ 47 മിനിറ്റു മാത്രമെടുക്കുന്ന ദൂരത്തിനാണിത്. രണ്ടും മൂന്നും സ്റ്റോപ്പുകളിൽ നിർത്തി എക്സ്പ്രസ് ട്രെയ്നുകൾ കൊല്ലം - തിരുവനന്തപുരം റൂട്ടിൽ ഓടുന്നത് ഒരു മണിക്കൂറിൽ താഴെ സമയമെടുത്താണ്.
കന്നിയാത്ര 25ന് രാവിലെ 10.30ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് രാവിലെ 10.30ന് വന്ദേഭാരത് പതാക വീശി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിട്ടുള്ളതിനാൽ ആ സമയത്തു തന്നെ പുറപ്പെടാമെന്നാണ് പ്രതീക്ഷ. പ്രധാന സ്റ്റേഷനുകളിലെല്ലാം നിർത്തി അന്നു രാത്രി 9.15നാണ് കാസർഗോഡെത്തുക.
ഓരോ സ്റ്റേഷനിലും അന്ന് എത്തുന്ന സമയം: കൊല്ലം -11.29, കായംകുളം-12.07, ചെങ്ങന്നൂർ-12.29, തിരുവല്ല-12.40, കോട്ടയം-1.35, എറണാകുളം ടൗൺ-2.42, ചാലക്കുടി -3.25, തൃശൂർ -3.52, ഷൊർണൂർ-4.39, തിരൂർ-5.36, കോഴിക്കോട് - 6.33, തലശേരി -7.44, കണ്ണൂർ - 8.01, പയ്യന്നൂർ- 8.23. പിറ്റേന്ന് കാസർഗോഡു നിന്ന് ഉച്ചയ്ക്കുശേഷം 2.30ന് പ്രഖ്യാപിച്ച സമയത്ത് തിരിക്കണോ അതോ രാവിലെ തിരിച്ചശേഷം 28 മുതൽ പതിവ് സർവീസ് ആരംഭിക്കണോ എന്നീ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.