
#എം.ബി. സന്തോഷ്
തിരുവനന്തപുരം: "കാഴ്ചക്കാർ ഉത്സവമാക്കിയ കന്നിയാത്ര' - കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതൽ കാസർഗോഡു വരെയുള്ള ഉദ്ഘാടന യാത്രയിൽ യാത്രക്കാരെക്കാൾ അത് കാണാനെത്തിയവരാണ് ആഘോഷിച്ചതിനാൽ ഈ വിശേഷണമാവും ചേരുക.
സ്റ്റേഷനുകളിൽ തിങ്ങിക്കൂടിയവർ സെൽഫിയെടുത്തും ഫോട്ടോ എടുത്തും ആർപ്പുവിളിച്ചും പുതിയ ട്രെയ്ൻ എത്തിയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചു. റെയിൽ പാളത്തിനിരുവശത്തും അങ്ങോളമിങ്ങോളം പുതിയ ട്രെയ്നിനെ കാണാനെത്തിയവർ നഗര ഗ്രാമഭേദമന്യേ തിങ്ങിക്കൂടിയിരുന്നു. മിക്ക സ്റ്റേഷനുകളിലും ചെണ്ടമേളത്തോടെയും പഞ്ചവാദ്യത്തോടെയും ബാൻഡ് മേളത്തോടെയുമായിരുന്നു വരവേല്പ്.
കാഴ്ചയിൽ തന്നെ ഇതുവരെയുള്ള ട്രെയ്നുകളിൽ നിന്ന് ആകർഷകമായ രൂപത്തിലെത്തിയ വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതിന് മുന്നോടിയായി പുലർച്ചെ മുതൽ തന്നെ തിരുവനന്തപുരം സെൻട്രൽ റെയ്ൽവേ സ്റ്റേഷൻ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. കല്യാണമണ്ഡപം പോലെ പുഷ്പാലങ്കൃതമായായിരുന്നു സ്റ്റേഷൻ. വെള്ള കസവു മുണ്ടും ഷർട്ടും നേര്യതും ധരിച്ചെത്തിയ പ്രധാനമന്ത്രി ഉദ്ഘാടനത്തിനുമുമ്പ് സി 2 ബോഗിയിൽ കയറി വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. പലരും മോദിയുടെയും വന്ദേഭാരതിന്റെയും അവർ വരച്ച ചിത്രങ്ങൾ പ്രധാനമന്ത്രിയെ കാട്ടി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയ്ൽവേ- ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ഡോ. ശശി തരൂർ എംപി എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രി പച്ചക്കൊടി വീശിയതോടെ 11.20ന് പുറപ്പെട്ട വന്ദേഭാരത് ഒരു കിലോമീറ്റർ അകലെയുള്ള പേട്ട സ്റ്റേഷനിലെത്തിയപ്പോൾ തന്നെ വേഗം 85 കിലോമീറ്റർ കൈവരിച്ചു. പിന്നാലെ 95 കിലോമീറ്റർ വരെ വേഗത്തിലേയ്ക്ക് കുതിച്ച ട്രെയ്ൻ കൊച്ചുവേളിയിൽ നിർത്തി. അവിടെ നിന്നാണ് ഭക്ഷണവും വെള്ളവും കയറ്റിയത്. ഉദ്ഘാടനം പ്രമാണിച്ച് 16 ബോഗികളിലും ഓരോ ടിടിഇ വീതം ഡ്യൂട്ടിയിലുണ്ടായിരുന്നു. നാളെ മുതൽ ഇത് 5 ആയി കുറയും.
ചിപ്സ്, ചെറിയ മുറുക്ക്, മധുരപലഹാരമായ ബാദുഷ എന്നിവയായിരുന്നു ഭക്ഷണമായി രാവിലെ നൽകിയ പാക്കറ്റിലുണ്ടായിരുന്നത്. വെള്ളവും നൽകി. ഉച്ചഭക്ഷണം വെജിറ്റബിൾ ബിരിയാണി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെജ്, നോൺ വെജ് ഭക്ഷണ താല്പര്യം അറിയിക്കാൻ സൗകര്യമുണ്ട്.
വിഎസ്എസ്സിയ്ക്കടുത്തെത്തിയപ്പോൾ ട്രെയ്ൻ ആദ്യമായി 100 കിലോമീറ്റർ വേഗത കൈവരിച്ചു. അപ്പോൾ, ട്രെയ്നിനുള്ളിൽ കൈയടിയുയർന്നു. പരവൂർ കായലിന് മുകളിലെ പാലത്തിലൂടെ 84 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചത്. വർക്കലയ്ക്ക് മുമ്പായി ചെന്നൈ മെയിൽ തിരുവനന്തപുരത്തേയ്ക്ക് പോയപ്പോൾ 74 കിലോമീറ്ററായിരുന്നു വേഗത. പിന്നീട് പലതവണ ട്രെയ്ൻ 100 പിന്നിട്ടു. ട്രെയ്നിന്റെ വേഗതയും അടുത്തെത്തുന്ന സ്റ്റേഷനും ബോഗിയ്ക്കുള്ളിൽ മുന്നിലും പിന്നിലുമുള്ള സ്ക്രീനിലൂടെ അറിയാം.
തിരൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധവും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30ന് പതിവ് സർവീസായി കാസർഗോഡു നിന്ന് തിരിച്ചുവരുന്ന വന്ദേഭാരത് വ്യാഴാഴ്ചകളിൽ ഓടില്ല.