പോഷ് ആക്റ്റ് അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം മാധ്യമ സ്ഥാപനങ്ങളില്‍ ഉറപ്പാക്കും: വനിതാ കമ്മിഷന്‍

മാധ്യമ സ്ഥാപനങ്ങളും പ്രസ് ക്ലബുകളും എത്രത്തോളം സ്ത്രീസൗഹൃദമാണെന്നും പരിശോധിക്കും
പോഷ് ആക്റ്റ് അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം മാധ്യമ സ്ഥാപനങ്ങളില്‍ ഉറപ്പാക്കും: വനിതാ കമ്മിഷന്‍

കോട്ടയം: തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പോഷ് ആക്റ്റ് അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം എല്ലാ മാധ്യമ സ്ഥാപനങ്ങളിലും ഉറപ്പാക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഇതുസംബന്ധിച്ച് പ്രസ് ക്ലബുകള്‍ വഴി ഇടപെടല്‍ നടത്തുമെന്നും കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. കേരളത്തിലെ മാധ്യമരംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മീഷന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മിഷന്‍ അധ്യക്ഷ.എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഇന്‍റേണല്‍ കംപ്ലയിന്‍റ്സ് കമ്മിറ്റി നിര്‍ബന്ധമാക്കണമെന്നത് വനിത കമ്മിഷന്‍ സര്‍ക്കാരിന് നൽകുന്ന ശിപാര്‍ശയില്‍ പ്രധാന പരിഗണന നൽകും.

സമ്പൂര്‍ണ സാക്ഷരത, ആരോഗ്യ- വിദ്യാഭ്യാസരംഗം, ലിംഗാനുപാതം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ മികവ് തെളിയിച്ച് നാം അഭിമാനം കൊള്ളുമ്പോഴും തൊഴില്‍ മേഖലയിലെ സമത്വവും സ്ത്രീകളുടെ പങ്കാളിത്ത കുറവും ഇന്നും നിലനിൽക്കുന്നുണ്ട്. ഈ അന്തരം മാറ്റിയെടുക്കാതെ കേരളത്തിന് പുരോഗതി കൈവരിക്കാനാകില്ല. ലിംഗനീതിയില്‍ അധിഷ്ഠിതമായിട്ടുള്ള വിഷയങ്ങള്‍ മാധ്യമപഠനത്തില്‍ ഉള്‍പ്പെടുത്തണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. ഇത് സംബന്ധിച്ച് മീഡിയ അക്കാദമിയുമായി ചര്‍ച്ച നടത്തും. എല്ലാ എഡിറ്റോറിയല്‍ ബോര്‍ഡിലും സ്ത്രീകളുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ദൃശ്യമാധ്യമങ്ങളില്‍ നിരവധി വനിതകള്‍ തൊഴിലെടുക്കുന്നുണ്ടെങ്കിലും മേഖലയില്‍ കാലങ്ങളായി തുടരുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുള്ളതായും വനിത കമ്മിഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. മാധ്യമ സ്ഥാപനങ്ങളും പ്രസ് ക്ലബുകളും എത്രത്തോളം സ്ത്രീസൗഹൃദമാണെന്നും പരിശോധിക്കും.

ടിവി സീരിയല്‍ മേഖലയിലെ സ്ത്രീകളുടെ ആത്മഹത്യ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. തൊഴിലിടങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും സമത്വം, ലൈംഗികത, അന്തസിനെ ബാധിക്കുന്നവ എന്നിങ്ങനെ പലതാണെന്നും ഇവയെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയുടെ വരവ് ദൃശ്യമാധ്യമ രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് സഹായമായിട്ടുണ്ട്. എങ്കിലും ഭരണഘടന അനുശാസിക്കുന്ന സേവനവേതന വ്യവസ്ഥയിലെ സമത്വം സ്ത്രീകള്‍ക്കു  ലഭിക്കുന്നില്ല. ഇത് തൊഴില്‍പരമായ പല ചൂഷണങ്ങള്‍ക്കും  കാരണമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഔട്ട്‌ലുക്ക് മാഗസിന്‍ സീനിയര്‍ എഡിറ്റര്‍ കെ.കെ ഷാഹിന ചര്‍ച്ചയ്ക്ക് നേതൃത്വം നൽകി. പത്രസ്ഥാപനങ്ങളിലെ പരാതി പരിഹാര സമിതി, രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ എന്നിവ പഠന വിധേയമാക്കണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ജീവനക്കാരുടെ പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി എന്നിവ അടയ്ക്കുന്നതില്‍ അലംഭാവം വരുത്തുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം.

ട്രെയിനിങ് കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മാനസിക പീഡനം നേരിടുന്നത് സംബന്ധിച്ചും സ്ത്രീകള്‍ക്ക് പ്രത്യേകമായി വിശ്രമമുറി, രാത്രികാലങ്ങളില്‍ വീടുകളിലേക്ക് മടങ്ങുന്നതിന് വാഹനം അനുവദിക്കുന്നതും ചര്‍ച്ചയായി. 10 വര്‍ഷമായി മാധ്യമ സ്ഥാപനവുമായി കോടതിയില്‍ തൊഴില്‍ സംബന്ധമായ കേസ് നടത്തുന്ന മാധ്യമപ്രവര്‍ത്തകയെ വനിത കമ്മിഷന്‍ അധ്യക്ഷ അഭിനന്ദിച്ചു. ഇവർക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റി വഴി നിയമസഹായം നൽകാന്‍ തയാറാണെന്നും അധ്യക്ഷ പറഞ്ഞു.  തൊഴിലിടങ്ങളിലെ സ്ത്രീകളുടെ  അവകാശങ്ങള്‍ കൈവരിക്കാന്‍ ഏതെല്ലാം തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക്  കഴിഞ്ഞിട്ടുണ്ട് എന്നുള്ള പഠനം നടത്തുന്നതിന്റെ ഭാഗമായാണ് വനിതാ കമ്മിഷന്‍ പബ്ലിക് ഹിയറിങ് നടത്തിയത്. വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു വിശിഷ്ടാതിഥിയായി. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍ മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വനിതാ കമ്മീഷന്‍ ഡയറക്റ്റര്‍ ഷാജി സുഗുണന്‍, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ ആനന്ദി, മീഡിയ അക്കാദമി കൗണ്‍സില്‍ അംഗവും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ട്രഷററുമായ സുരേഷ് വെള്ളിമംഗലം, വനിതാ കമ്മീഷന്‍ പ്രോജക്റ്റ് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍ അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com