
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20ന് പമ്പയിൽ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് നിലപാട് സ്വീകരിക്കുന്നതിൽ യുഡിഎഫിൽ ഭിന്നത. പ്രധാന കക്ഷിയായ കോൺഗ്രസിൽ തന്നെ അയ്യപ്പ സംഗമത്തോട് അനുകൂല നിലപാട് ഉയർന്നതോടെ അയ്യപ്പസംഗമം ബഹിഷ്കരിക്കില്ല, എന്നാല്‍ പിന്തുണയ്ക്കുകയുമില്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. സമ്മേളനത്തോട് എൻഎസ്എസ് ഉൾപ്പടെ അനുകൂല നിലപാട് സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നത്.
സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് വി.ഡി. സതീശൻ ഓൺലൈൻ യോഗത്തിൽ പറഞ്ഞു. ഇക്കാര്യം തുറന്നു കാട്ടണമെന്നും യോഗത്തില്‍ സതീശന്‍ പറഞ്ഞു. എന്നാൽ, ദേവസ്വം പരിപാടിയുമായി സഹകരിക്കാതിരിക്കുന്നത് ജനവികാരം എതിരാകാൻ ഇടയാക്കുമെന്നും കൂടുതൽ ചർച്ച വേണമെന്നുമുള്ള നിലപാടിലായിരുന്നു ഘടകകക്ഷികൾ.
കോൺഗ്രസിലും ഒരു വിഭാഗം അയ്യപ്പസംഗമത്തോട് എതിർക്കേണ്ടെന്ന് വാദിച്ചതോടെ ബഹിഷ്കരിക്കില്ല, എന്നാല്‍ പിന്തുണയ്ക്കുകയുമില്ലെന്ന നിലപാടിലേക്കെത്തുകയായിരുന്നു. ശബരിമലയില്‍ ആചാരലംഘനം നടത്തണമെന്നതാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെയും നിലപാടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കപട അയ്യപ്പഭക്തിയും രാഷ്ട്രീയ മുതലെടുപ്പും അയ്യപ്പ ഭക്തരെ പരിഹസിക്കുന്നതിന് തുല്യമാണ്. അയ്യപ്പ ഭക്തരുടെ അഭിപ്രായങ്ങള്‍ക്കൊപ്പം പരസ്യമായി യുഡിഎഫ് നിലപാടെടുത്തിട്ടുണ്ട്. അതിന് എതിരെ നവോത്ഥാന സമിതി ഉണ്ടാക്കിയവരാണ് സിപിഎമ്മുകാര്‍. ആചാരലംഘനം നടത്തിയത് ശരിയാണെന്നു വാദിച്ചുകൊണ്ടാണ് നവേത്ഥാന സമിതിയുണ്ടാക്കിയതും മതില്‍ തീര്‍ത്തതും. ആകാശം ഇടിഞ്ഞു വീണാലും അഭിപ്രായം മാറ്റില്ലെന്നാണ് പറഞ്ഞത്. ആ അഭിപ്രായത്തില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടില്ല. എന്നിട്ടാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 9 കൊല്ലമായി നടക്കാത്താത്ത അയ്യപ്പ സംഗമം ഇപ്പോള്‍ നടത്തുന്നത്. പത്താം വര്‍ഷത്തില്‍ അയ്യപ്പനോടുള്ള ഈ ഭക്തി എവിടെ നിന്നാണ് ഉണ്ടായത്? കേസുകള്‍ പോലും പിന്‍വലിച്ചിട്ടില്ല.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇപ്പോഴും കേസുണ്ട്. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കട്ടെ. യുഡിഎഫ് പങ്കെടുക്കുമോ ഇല്ലയോ എന്നു പറയാന്‍ അവിടെ രാഷ്ട്രീയ സമ്മേളനമല്ലല്ലോ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം ഞങ്ങളെ ക്ഷണിച്ചാല്‍ മതി. ഏത് മതസംഘടനകള്‍ പങ്കെടുക്കുന്നതിലും ഞങ്ങള്‍ക്ക് അഭിപ്രായം പറയില്ല. സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും കാപട്യം അയ്യപ്പ ഭക്തര്‍ തിരിച്ചറിയും. ആചാരലംഘനത്തിന് കൂട്ടു നില്‍ക്കുന്ന സത്യവാങ്മൂലം ഇപ്പോഴും സുപ്രീം കോടതിയിലുണ്ട്. അത് പിന്‍വലിക്കാന്‍ തയാറുണ്ടോയെന്ന് പറയണം. ഇതെല്ലാം കാപട്യമാണെന്നും സതീശൻ പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതിനിടെ വന്ന് കത്ത് കൊടുത്തിട്ട് പോയത് മര്യാദകേട്: വി.ഡി. സതീശൻ
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന്‍റെ സംഘാടക സമിതിയിൽ തന്‍റെ അനുവാദമില്ലാതെയാണ് പേര് വച്ചതെന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ വന്ന് കത്ത് കൊടുത്തിട്ട് പോയത് മര്യാദകേടാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്ഥലത്ത് ഉണ്ടാകുമോയെന്ന് ചോദിച്ചിട്ടല്ല ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വന്നത്. അകത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വന്ന് കത്തു കൊടുത്ത് പുറത്തുപോയ ശേഷം അദ്ദേഹത്തെ കാണാന്‍ കൂട്ടാക്കിയില്ല എന്നു വാര്‍ത്ത കൊടുത്തതു മര്യാദകേടാണ്.
കാണണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള ഒരാളോടും ഇതുവരെ പറ്റില്ലെന്നു പറഞ്ഞിട്ടില്ല. വിളിച്ചിട്ടു വന്നാല്‍ ഇനിയും അദ്ദേഹത്തെ കാണാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു. തന്‍റെ അനുവാദത്തോടെയല്ല സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. വിളിച്ചു ചോദിക്കുക പോലും ചെയ്തില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.