

ന്യൂഡൽഹി: വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിലെത്താൻ സാധ്യക്കാത്ത സാഹചര്യത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. കേരളത്തിലെ രണ്ട് സർവകലാശാലയിലെ വിസിമാരെ തെരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീംകോടതി നിർദേശം നൽകി.
ജസ്റ്റിസുമാരായ ജെ.ബി. പാർദിവാലയും, കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയിലേക്കും, സാങ്കേതിക സർവകലാശാലയിലേക്കുമുള്ള വിസിമാരുടെ പേരുകൾ അടങ്ങുന്ന ശുപാർശ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
ഗവർണറും മുഖ്യമന്ത്രിയും എഴുതിയ കത്തുകൾ പരിശോധിക്കാനും നിർദേശം നൽകി. വിസിമാരുടെ കാര്യത്തിൽ സമയവായത്തിൽ എത്തിയില്ലെന്ന് ഗവർണറും സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. വിസിമാരായി ആരെ നിയമിക്കണമെന്ന് മുഖ്യമന്ത്രി ഗവർണറെ നേരത്തെ കത്ത് നൽകിയിരുന്നു എന്നാണ് കേരളത്തിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അതിന്‍റെ പകർപ്പ് കോടതിയിൽ ഹാജരാക്കാമെന്നും പറഞ്ഞു. കാണേണ്ടതില്ല എന്നായിരുന്നു കോടതിയുടെ മറുപടി.
സിസ തോമസ് വിസിയായിരുന്നപ്പോൾ സർവകലാശാലയിൽ ചില പ്രശ്നങ്ങളുണ്ടായെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സമവായമുണ്ടാവാത്ത സാഹചര്യത്തിൽ കോടതി തന്നെ നിയമനം ഏറ്റെടുത്തിരിക്കുകയാണ്. ഓരോ പേര് മുദ്ര വച്ച കവറിൽ നൽകാനാണ് ജസ്റ്റിസ് ധൂലിയയോട് കോടതി നിർദേശിച്ചിരിക്കുന്നത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായ സിസ തോമസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
മുൻഗണനാക്രമത്തിലുള്ള പട്ടിക മുദ്രവെച്ച കവറിൽ അടുത്ത ബുധനാഴ്ച സുധാൻഷു ധൂലിയ സുപ്രീംകോടതിക്ക് കൈമാറണം എന്നും, അതിന്‍റെ അടിസ്ഥാനത്തിൽ വിസി നിയമനം നടത്തുമെന്നും കോടതി വ്യക്തമാക്കി.പുന പരിശോധന ഹർജികൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിവരം.സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെയും, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവർണറുടെ ശുപാർശ. എന്നാൽ സിസ തോമസിനെ പേര് ശുപാർശ ചെയ്യാൻ കഴിയില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്.