

വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കവർച്ച കേസിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശപ്രകാരം രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണസംഘത്തിന് മേൽ സമർദ്ദം ചെലുത്തുന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈ ഉദ്യോഗസ്ഥർ ഇടപെടൽ തുടരുകയാണെങ്കിൽ അവരുടെ പേരുകൾ പരസ്യമായി വെളിപ്പെടുത്താൻ താൻ നിർബന്ധിതനാകുമെന്നും സതീശൻ പറഞ്ഞു.
സ്വർണ കവർച്ച കേസിലെ അന്വേഷണം മന്ദഗതിയിലാണ്. ഈ ആരോപണം ഹൈക്കോടതി ശരിവെച്ചതാണെന്നു സതീശൻ പറഞ്ഞു.ഹൈക്കോടതി നേരിട്ട് ഇടപെട്ട് ഒരു സ്പെഷ്യൽ അന്വേഷണസംഘത്തെ നിയോഗിച്ചത് കൊണ്ടാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് പോകുന്നത്.
സർക്കാർ നിയന്ത്രണത്തിലായിരുന്നു എസ്ഐടി എങ്കിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാരെ അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്നും കേവലം ചില ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.വൻ സ്രാവുകൾ നിയമത്തിന്‍റെ മുന്നിൽ വരുമെന്നാണ് പ്രതീക്ഷ. അന്വേഷണം പാളിയാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
യുഡിഎഫിലെ ഘടകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷനേതാവ് അറിയിച്ചു. കേരളകോൺഗ്രസ് , ലീഗ് എന്നിവരുമായി ഉടൻ ചർച്ച നടത്തും. അതേസമയം സംഘപരിവാർ പശ്ചാത്തലമുള്ള വിഷ്ണപുരം ചന്ദ്രശേഖരനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നീക്കം പൂർണമായും ഉപേക്ഷിച്ചതായും വിഡി സതീശൻ പറഞ്ഞു.