അൻവറിന്‍റെ ഉപാധിയൊക്കെ കൈയിലിരിക്കട്ടെ, സൗകര്യമുണ്ടെങ്കിൽ സഹകരിച്ചാൽ മതി: വി.ഡി. സതീശൻ

അൻവർ സ്ഥാനാർഥിയെ പിൻവലിച്ചാലും ഇല്ലെങ്കിലും അത് യുഡിഎഫിനെ ബാധിക്കില്ല
vd satheesan about udf pv anvar deal
വി.ഡി. സതീശൻ | പി.വി. അൻവർ
Updated on

തിരുവനന്തപുരം: പി.വി. അൻവറുമായി ഒരു ഉപാധിക്കും തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവർ സൗകര്യമുണ്ടെങ്കിൽ സഥാനാർഥിയെ പിൻവലിച്ചാൽ മതിയെന്നും ,അന്‍വറുമായി ബന്ധപ്പെട്ടത് ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

''ഞങ്ങളെ അവരാണ് ബന്ധപ്പെട്ടത്. നിങ്ങള്‍ രണ്ടു സ്ഥലത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ട് എന്തിനാണ് ഞങ്ങളെ ബന്ധപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ പിന്‍വലിക്കാമെന്ന് അവർ പറഞ്ഞു. ഞങ്ങൾ‌ റിക്വസ്റ്റ് ചെയ്യാമെന്ന് അറിയിച്ചു. അപ്പോഴാണ് ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെയുടെ സ്ഥാനാഥിയെ ഞങ്ങൾ പിന്തുണയ്ക്കാണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടത്'', സതീശൻ വ്യക്തമാക്കി.

ഇത്തരം തമാശകളൊന്നും പറയരുതെന്നാണ് അന്‍വറിനോട് പറയാനുള്ളത്. ഞങ്ങളുടെ കൂടെ നില്‍ക്കാമെന്ന നിലപാടുമായി വന്നാല്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കേണ്ട. അല്ലാതെ യുഡിഎഫ് ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.

അൻവർ സ്ഥാനാർഥിയെ പിൻവലിച്ചാലും ഇല്ലെങ്കിലും അത് യുഡിഎഫിനെ ബാധിക്കില്ല. സ്ഥാനാർഥിയെ പിന്‍വലിച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കുമില്ല. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ ദയവായി ഇല്ലാത്ത വാര്‍ത്തകള്‍ കൊടുക്കരുത്. ഞങ്ങള്‍ റിക്വസ്റ്റ് ചെയ്യണമെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ റിക്വസ്റ്റ് ചെയ്യ്തെന്നു മാത്രം. അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതി. ഞങ്ങള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. ഞങ്ങള്‍ ആര്‍ക്കെതിരെയും വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല- വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com