

വി.ഡി. സതീശൻ, പിണറായി വിജയൻ
തിരുവനന്തപുരം: സംവാദത്തിന് തയാറെന്ന് മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താനും സംവാദത്തിന് തയാറാണെന്നും സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു. ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
"സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ." - എന്നായിരുന്നു സതീശന്‍റെ പ്രതികരണം.
ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതിട്ടില്ലെന്നായിരുന്നു സതീശന്‍റെ അവകാശവാദം. വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകൾ എൽഡിഎഫ് മന്ത്രിമാർ തന്നെ നിയമസഭയിൽ നൽകിയ മറുപടികളിലുണ്ട്.
വികസന കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താൻ തയാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. പിന്നാലെ പിണറായി സർക്കാരിന്‍റെ 10 വർഷത്തെ റിപ്പോർട്ട് ഷെയർ ചെയ്ത് മുഖ്യമന്ത്രിയും താനും സംവാദത്തിന് തയാറായെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു.