

വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കവർന്നതിന് കോടതി ജയിലിലാക്കിയ സിപിഎം നേതാക്കൾക്കെതിരേ നടപടി എടുക്കാത്ത സിപിഎമ്മാണ് പാർട്ടിയിൽ നടന്ന കൊള്ള പുറത്തു പറഞ്ഞ ആൾക്കെതിരേ 24 മണിക്കൂർ തികയുന്നതിന് മുൻപ് നടപടിയെടുത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റി മുൻ അംഗം കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തൽ പുറത്തുവന്നതിന് തുടർന്ന് ടി.ഐ. മധുസൂദനൻ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്ത സ്ത്രീകൾ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകരെ സിപിഎം ക്രിമിനലുകൾ ക്രൂരമായി മർദിച്ചെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയുടെ ഓഫീസിന് സമീപം കുറുവടികളുമായി ക്രിമിനൽ സംഘം ആക്രമിക്കാൻ നിൽക്കുകയായിരുന്നു. പൊലീസ് നിർദേശപ്രകാരം പ്രകടനം വഴിമാറി പോയിട്ടും പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നവരേ ഇല്ലാതാക്കുമെന്നായിരുന്നു സിപിഎം ഏരിയ സെക്രട്ടറിയുടെ കൊലവിളിയെന്നും സതീശൻ കുറ്റപ്പെടുത്തി.