
കൊച്ചി: കേരളീയം പരിപാടിക്ക് മനസാക്ഷിയില്ലാതെ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ വലിയ കടക്കെണിയിലാണ്. എല്ലാവിധ പെന്‍ഷനുകളും മുടങ്ങി. സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിനു പോലും സര്‍ക്കാരിന്‍റെ കൈയില്‍ പണമില്ല. എന്നിട്ടും ധൂര്‍ത്തിന് കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും സതീശന്‍ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കൊവിഡ് കാലത്തെ കിറ്റിന്‍റെ പണം പോലും സര്‍ക്കാര്‍ വിതരണക്കാര്‍ക്കു കൊടുത്തിട്ടില്ല. നെല്ല് സംഭരിച്ചതിന്‍റെ പണം അഞ്ച് മാസമായി ഇനിയും കൊടുത്തു തീര്‍ക്കാനുണ്ട്. ഒമ്പതു ലക്ഷം പേര്‍ ലൈഫ് മിഷന്‍റെ ലിസ്റ്റില്‍ വീടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടികണക്കിനു കടബാധ്യതയാണ് ഓരോ വകുപ്പിനുമുള്ളത്. സപ്ലൈക്കോയിലെ ഇ-ടെന്‍ഡറില്‍ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണു വിതരണക്കാര്‍ക്കു നല്‍കാനുള്ളത്.
പൊലീസ് ജീപ്പുകള്‍ക്ക് എണ്ണ അടിക്കാന്‍ പോലും പൈസ ഇല്ല. പെൻഷൻകാർക്കും ജീവനക്കാർക്കും മാത്രം 40000 കോടി രൂപയുടെ കടബാധ്യതയുണ്ട്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക കിട്ടാതെ ഒരു ലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് കൊടുക്കാൻ പണമില്ല. ഈ സാഹചര്യത്തിലും ധൂര്‍ത്തും അഴിമതിയും യഥേഷ്ടം തുടരുകയാണെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് അഴിമതിയുടെ പൊന്‍കിരീടം നല്‍കേണ്ട അവസ്ഥയാണെന്നും സതീശന്‍ പരിഹസിച്ചു.
കേരളീയം പരിപാടി നടത്തുന്നത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പരിപാടിയിലേക്ക് പ്രതിപക്ഷ ജനപ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആദ്യമേ നിരസിച്ചിരുന്നതായും സതീശന്‍ പറഞ്ഞു. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.