''പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം''; വി.ഡി. സതീശൻ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും കേരളീയം പരിപാടിയും സർക്കാർ ചെലവിലുള്ള എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണമാണ്
VD Satheesan
VD Satheesanfile
Updated on

തിരുവനന്തപുരം: സഹകരണ മേഖലയിലെ തട്ടിപ്പുകളിൽ മുഖ്യമന്ത്രിയെ രൂഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ സഹകരണ മേഖലകളിൽ ചരിത്രത്തിൽ ഇന്നു വരെ ഉണ്ടാവാത്ത കൊള്ളയാണ് കരുവന്നൂരിൽ നടക്കുന്നത്.

തൃശൂരിലെ സഹകരണ മേഖലയിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്നു. തട്ടിപ്പുകാരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്നും കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ഒരു പാത്രം ചോറിൽ ഒരു കറുത്ത ചോറ് കണ്ടെത്തിയാൽ ആ ചോറു മുഴുവൻ മോശമാണെന്ന് പറയുകയാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാർഥമായി ആഗ്രഹിക്കുന്നു. അതു കൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നതെന്നും പറഞ്ഞ സതീശൻ സഹകരണ മേഖലയിലെ കള്ളനാണയങ്ങളെ പുറത്താക്കി ശുദ്ധീകരണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും കേരളീയം പരിപാടിയും സർക്കാർ ചെലവിലുള്ള എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണമാണ്. ധന പ്രതിസന്ധിയിൽ സർക്കാർ നട്ടംതിരിയുമ്പോഴാണ് ഈ ധൂർത്തെന്നോർക്കണമെന്നും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ജനജീവിതത്തെ ബാധിച്ചു തുടങ്ങിയെന്നും സതീശൻ പറഞ്ഞു. അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തേടാതെ, സാധാരണക്കാരന്‍റെ നികുതി പണം ധൂർത്തടിക്കുന്ന പരിപാടികളുമായി പ്രതിപക്ഷത്തിന് സഹകരിക്കാനാകില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com