കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമപരമായ ബാധ്യതയില്‍ നിന്നും ഒളിച്ചോടുകയും റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും ചെയ്ത സാംസ്‌കാരിക മന്ത്രി സ്ഥാനം രാജിവയ്ക്കണെമെന്നും പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ.
കേരളത്തിലെ സിനിമ രംഗത്ത് വലിയ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് സംവിധായകന്‍ രഞ്ജിത്തെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. സജി ചെറിയാന്‍ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ അദ്ദേഹത്തിനെതിരെ ഇപ്പോള്‍ ബംഗാളിലെ നടി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദം രഞ്ജിത്ത് ഒഴിയുമെന്നാണ് കരുതുന്നത്. രഞ്ജിത്തിന് എതിരായ ആരോപണം അന്വേഷിക്കണം.
കാര്‍ക്കശ്യം നിറഞ്ഞ സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. നിരപരാധികളെ മോശക്കാരാക്കണമെന്നും ആഗ്രഹമില്ല. പക്ഷെ അന്വേഷിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് സിനിമാ ലോകത്തെയാകെ കരിനിഴലില്‍ നിര്‍ത്തുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമപരമായ ബാധ്യതയില്‍ നിന്നും ഒളിച്ചോടുകയും റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോള്‍ കൃത്രിമം കാട്ടുകയും ചെയ്ത സാംസ്‌കാരിക മന്ത്രി രാജിവച്ച് പുറത്തു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.