മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി

ഇൻവോയ്സ് പുറത്തുവന്ന വിവരം മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി

സർക്കാരിന്‍റെ ഒരു രൂപപോലും ചെലവാക്കിയല്ല യാത്രയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

MV Graphics

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ വിവാദ വിമാനയാത്രയ്ക്ക് പണം ചെലവാക്കിയത് സർക്കാരിന് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ ചിപ്സൺ ഏവിയേഷൻസ് എന്ന് വ്യക്തമാകുന്നു. മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ ചാർട്ടേഡ് വിമാനയാത്ര കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. സർക്കാരിന്‍റെ ഒരു രൂപപോലും ചെലവാക്കിയല്ല യാത്രയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരുമലയാളിയാണ് വിമാനം തരപ്പെടുത്തിയതെന്നും പേരുപറയാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, വിമാനത്തിനായി പണം ചെലവാക്കിയത് ഹെലികോപ്റ്റർ കരാർ‌ കമ്പനിയായ ചിപ്‌സൺ ഏവിയേഷൻസെന്നാണ് പുതിയ വിവരം. ഇതിന്‍റെ ഇൻവോയിസ് ചിപ്‌സൺ കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തുണ്ടായ മഴക്കെടുതിയെ തുടർന്ന് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.ജെ. ജോർജിന്‍റെ കുടുംബ ഉടമസ്ഥതയിലെ കേളചന്ദ്ര ഏവിയേഷൻസിന്‍റെ വിമാനത്തിലാണ് മുഖ്യമന്ത്രി കോഴിക്കോട് വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്തത്.

കേളചന്ദ്ര ഏവിയേഷൻസ് ചിപ്‌സണ് നൽകിയ ഇൻവോയിസിൽ ആകെ 19,88,595 രൂപ ചെലവായതായി കാണിച്ചിരിക്കുന്നു. 16,85,250 രൂപയാണ് വിമാനചാർജ്.18 ശതമാനം ജിഎസ്‌ടി 3,03,345 രൂപയാണ്. ഇതുകൂടി ചേർത്താണ് 19 ലക്ഷത്തിന്‍റെ ഇൻവോയിസ് നൽകിയത്. കർണാടക ബെല്ലാരിയ്‌ക്ക് സമീപത്തെ ജിൻഡാൽ വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിക്കായി തിരുവനന്തപുരത്ത് വിമാനം എത്തിയത്. ഒൻപത് മണിക്കൂർ സമയമാണ് മുഖ്യമന്ത്രി വിമാനം ഉപയോഗിച്ചത്.

കേരള പൊലീസിനായി മുൻ വർഷങ്ങളിൽ ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കിയിരുന്ന കമ്പനിയാണ് ചിപ്സണ്‍ ഏവിയേഷന്‍ എന്നതാണ് ശ്രദ്ധേയം. ഈ കരാര്‍ കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി പുതിയ കരാറിനുവേണ്ടി ചിപ്സണ്‍ ശ്രമിക്കുന്നതിനിടെ വിമാനം സൗജന്യമായി നൽകിയിരിക്കുന്നത് വീണ്ടും അതേ കമ്പനിക്ക് കരാർ ലഭിക്കുന്നതിനാണെന്നാണ് ആക്ഷേപം.

അതേസമയം, മുഖ്യമന്ത്രിയുടെ വിമാനയാത്രയെ ഹെലികോപ്റ്റർ കരാറുമായി ബന്ധിപ്പിക്കേണ്ടെന്നും ആവശ്യമെങ്കിൽ ഇനിയും വിമാനം നൽകുമെന്നുമാണ് ചിപ്‌സൺ വ്യക്തമാക്കുന്നത്. ഇൻവോയ്സ് പുറത്തുവന്ന വിവരം മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

logo
Metro Vaartha
www.metrovaartha.com