എഐ ക്യാമറ: 'എല്ലാം കണ്ണൂരിലെ കറക്ക് കമ്പനികൾ, സർക്കാർ എന്തുകൊണ്ട് പ്രതിപക്ഷത്തിന് മറുപടി നൽകുന്നില്ല'; വിഡി സതീശൻ

പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടിൽ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളില്ല.കെൽട്രോൺ നേരിട്ടാണ് പദ്ധതി നടത്തിയത്
എഐ ക്യാമറ: 'എല്ലാം കണ്ണൂരിലെ കറക്ക് കമ്പനികൾ, സർക്കാർ എന്തുകൊണ്ട് പ്രതിപക്ഷത്തിന് മറുപടി നൽകുന്നില്ല'; വിഡി സതീശൻ

കൊച്ചി: എഐ ക്യാമറയുടെ മറവിൽ വൻ കൊള്ളയാണ് നടക്കുന്നതെന്നാവർത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മന്ത്രിമാർക്കു പോലും കമ്പനിയെക്കുറിച്ച് വ്യക്തമായി അറിയില്ല. കെൽട്രോണിന്‍റെ മറുപടി അവ്യക്തമാണെന്നും സർക്കാർ എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് കൃത്യമായ മറുപടി നൽകാത്തതെന്നും അദ്ദേഹം ചോദിച്ചു. വാർത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കരാർ കിട്ടിയ കമ്പനി മറ്റൊരു കമ്പനിക്ക് ഉപകരാർ കൊടുത്തു. കെ ഫോണിന് പിന്നിലും ഇവർ തന്നെയാണ്. കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനികളാണ്. കെൽട്രോണിന്‍റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. അഴിമതിക്ക് പിന്നിൽ സിപിഎമ്മാണ്. എസ്എൻസി ലാവ്‌ലിൻ പോലെയുള്ള അഴിമതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടിൽ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളില്ല.കെൽട്രോൺ നേരിട്ടാണ് പദ്ധതി നടത്തിയത്. എസ്ആർഐടി കമ്പനിക്ക് യാതൊരു മുൻപരിചയവുമില്ല. ഇവർ ഇടനിലക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്‍റെ ടെൻഡർ നടപടികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോന്നായി പുറത്തുവിടണം. 9 ലക്ഷം രൂപക്ക് പകരം പത്തിലൊന്ന് പോലും ക്യാമറയ്ക്ക് വിലയില്ല. അന്താരാഷ്ട്ര ബ്രാന്‍റ് ക്യാമറകൾ കിട്ടുമ്പോൾ എന്തിനാണ് ഇതിന്‍റെ ഘടകങ്ങൾ വാങ്ങി അസംബിൾ ചെയ്തതെന്ന് സർക്കാർ പറയണം.

232 കോടിയുടെ പദ്ധതിയിൽ 70 കോടി മാത്രമാണ് ക്യാമറക്കുള്ള ചെലവ്. ക്യാമറ വാങ്ങിയാൽ 5 വർഷത്തേക്ക് വാറന്‍റി ലഭിക്കുമല്ലോ. എന്നിട്ടും അഞ്ച് വർഷത്തേക്ക് 66 കോടി രൂപ മെയിന്‍റനൻസിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. പൂർണമായി വാങ്ങാവുന്ന ക്യാമറ കെൽട്രോൺ പാർട്സായി വാങ്ങിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

നികുതി ഭാരത്തിൽ വീർപ്പു മുട്ടുന്ന ജനങ്ങൾക്കുമേലുള്ള ക്രൂരതയാണിത്. എഐ ക്യാമറയുടെ പേരിൽ ലക്ഷങ്ങൾ ജനങ്ങളിൽ നിന്നും തട്ടിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിപക്ഷം പ്രതികരിക്കും. സർക്കാർ മറുപടി പറയുന്നതുവരെ ചോദ്യങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com