vd satheesan drug goonda mafia
VD Satheesanfile image

''സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർന്നു, ആർക്കും നിയമം കൈയിലെടുക്കാവുന്ന സ്ഥിതി'', വി.ഡി. സതീശൻ

സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
Published on

തിരുവനന്തപുരം: ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു.

നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്‍റെചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സിപിഎം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സിപിഎം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധവി തയാറാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com